'ഈ മുത്തിനെ വിട്ട് തന്ന ഒതളങ്ങ തുരുത്തിന്റെ അണിയറപ്രവര്‍ത്തകരോട് നന്ദി'; സാറാസില്‍ വേഷമിടാന്‍ ഒരുങ്ങി 'നത്ത്'

അന്ന ബെന്നിനെ നായികയാക്കി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ചിത്രമാണ് “സാറാസ്”. മാതൃത്വം ഇഷ്ടപ്പെടാത്ത നായിക ആയാണ് അന്ന ചിത്രത്തില്‍ എത്തുന്നത് എന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ കൂടി പരിചയപ്പെടുത്തുകയാണ് ജൂഡ് ആന്റണി ഇപ്പോള്‍.

ഒതളങ്ങ തുരുത്ത് എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയനായ അബിന്‍ ബിനോയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്നാണ് ജൂഡ് ആന്റണി പങ്കുവെച്ചിരിക്കുന്നത്. നത്ത് എന്ന കഥാപാത്രത്തെയാണ് അബിന്‍ ബിനോ ഒതളങ്ങ തുരുത്തില്‍ അവതരിപ്പിച്ചത്.

“”അതിയായ അഭിമാനത്തോടെ പറയട്ടെ ഒതളങ്ങ തുരുത്തിലൂടെ പ്രിയങ്കരനായ അബിന്‍(നത്ത്) സാറാസിലൂടെ മലയാള സിനിമയില്‍ അരങ്ങേറുന്നു. ഒതളങ്ങ തുരുത്ത് സിനിമയാകുമ്പോള്‍ അരങ്ങേറാന്‍ വച്ചിരുന്ന ഈ മുത്തിനെ എനിക്ക് വിട്ട് തന്ന ഒതളങ്ങ തുരുത്തിന്റെ അണിയറപ്രവര്‍ത്തകരോട് നന്ദി അറിയിക്കുന്നു. ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ അബിന്‍”” എന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അന്നയുടെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സാറാസിനുണ്ട്. മത്തങ്ങ പിടിച്ച് അന്ന പച്ചക്കറി മാര്‍ക്കറ്റില്‍ നില്‍ക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സണ്ണി വെയ്ന്‍, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, “കലക്ടര്‍ ബ്രോ” പ്രശാന്ത്, ധന്യ വര്‍മ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Read more

ഡോ. അക്ഷയ് ഹരീഷിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം നിമിഷ് രവി. സംഗീതം ഷാന്‍ റഹ്മാന്‍. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചിത്രത്തില്‍ പാടുന്നുണ്ട്. ക്ലാസ്മേറ്റ്സ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ മുരളീധരനുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.