ഓസ്‌കറിന് ശേഷം ‘ആര്‍ ആര്‍ ആറും നാട്ടു നാട്ടു ഗാനവും ട്രെന്‍ഡിലാണ്. പുരസ്‌കാര പ്രഭയില്‍ നാട്ടു നാട്ടു ഗാനത്തിന്റെ റീല്‍സുകള്‍ വൈറലാകുമ്പോള്‍ മില്‍മയുടെ നാട്ടു നാട്ടു ചായ സ്റ്റെപ്പും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ചായ അടിക്കുമ്പോഴുള്ള സ്റ്റെപ്പുകള്‍ നാട്ടു നാട്ടുവിന്റെ രീതിയില്‍ കാണിച്ചുകൊണ്ടുള്ള ഗ്രാഫിക്കല്‍ റെപ്രസെന്റേഷനാണ് മില്‍മ തങ്ങളുടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഇടത് കയ്യിലെ ഗ്ലാസ് ഉയര്‍ത്തി, വലത് കയ്യിലെ കപ്പ് താഴ്ത്തി, ഒരു കാല്‍ മുന്നിലേക്കു വച്ച് ചായയടിക്കാം, അതും പാട്ടിന്റെ താളത്തില്‍..’ ഇങ്ങനെയാണ് പുതിയ ചായയടി സ്‌റ്റൈല്‍.
മില്‍മയുടെ സോഷ്യല്‍ മീഡിയ ടീമിന് കൈയ്യടി നല്‍കിക്കൊണ്ട് നിരവധി പ്രതികരണങ്ങളും എത്തുന്നുണ്ട്. ആര്‍ ആര്‍ ആര്‍ സിനിമ ഏറ്റെടുത്തതിനേക്കാള്‍ വേഗത്തിലാണ് നാട്ടു നാട്ടു പ്രേക്ഷക പ്രീതി നേടിയത്, അതും ഭാഷാ ഭേദമന്യെ.
തെന്നിന്ത്യയുടെ പ്രാദേശിക താളവും ഗാനവും ഓസ്‌കറിലൂടെ ലോകം മുഴുവന്‍ അംഗീകരിച്ചിരിക്കുകയാണ്. ഓസ്‌കര്‍ വേദിയുടെ ഏറ്റവും മികച്ച നിമിഷമായിരുന്നു നാട്ടു നാട്ടുവിന്റെ തത്സമയ നൃത്ത പ്രകടനം. ഇതിന് ശേഷമാണ് നാട്ടു നാട്ടു വീണ്ടും തരംഗമാകുകയാണ്.