'പരിക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്'; സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ട ലോറി ചേസ് ചെയ്ത് പിടിച്ച് നവ്യ നായര്‍

ലോറി ഇടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന് തുണയായി നടി നവ്യ നായരും കുടുംബവും. മുതുകുളത്ത് നിന്നും കുടുംബസമേതം തിങ്കളാഴ്ച രാവിലെ കൊച്ചിയിലേക്ക് പോകുന്ന വഴിയാണ് അമിത വേഗത്തില്‍ സഞ്ചരിച്ച ട്രെയ്‌ലര്‍ ട്രാക്ടര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ടത്.

സംഭവം കണ്ട നവ്യയും കുടുംബവും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കുകയും ട്രെയ്‌ലറിനെ പിന്തുടര്‍ന്ന് പിടിക്കുകയും ചെയ്തു. ഇന്ത്യന്‍ കോഫി ഹൗസിനു സമീപമായിരുന്നു അപകടം. ഹൈവേ പൊലീസും പട്ടണക്കാട് എഎസ്ഐയും സ്ഥലത്തെത്തി.

സൈക്കിള്‍ യാത്രക്കാരനെ പൊലീസ് ഉടനെ കണ്‍മുന്നില്‍ അപകടം നടന്നിട്ടും കണ്ടില്ലെന്ന് നടിച്ചു പോയാല്‍ ആ സൈക്കിള്‍ യാത്രക്കാരന്റെ ജീവിതം എന്താകുമെന്നു ചിന്തിച്ചു. തുടര്‍ന്നാണ് ട്രെയ്‌ലറിനെ പിന്തുടര്‍ന്നു നിര്‍ത്തിച്ചത്. ഹരിയാന റജിസ്‌ട്രേഷന്‍ വാഹനമായതിനാല്‍ ഇവിടെനിന്നു വിട്ടുപോയാല്‍ കണ്ടുകിട്ടുക പ്രയാസമാണ്.

ട്രെയ്‌ലര്‍ തടഞ്ഞപ്പോഴേക്കും പൊലീസ് എത്തി, ആളുകളും കൂടി. വിദേശത്ത് കാണുന്നതുപോലെ വളരെ പെട്ടെന്നു ഹൈവേ പൊലീസ് എത്തി. കര്‍മനിരതരായ ഹൈവേ പൊലീസിന്റെ ഇടപെടല്‍ പ്രശംസനീയമാണ് എന്നാണ് മനോരമ ഓണ്‍ലൈനിനോട് നവ്യ നായരുടെ പിതാവ് പ്രതികരിച്ചിരിക്കുന്നത്.

”എല്ലാവരും ചെയ്യേണ്ട കാര്യമേ ഞാനും ചെയ്തുള്ളൂ. റോഡില്‍ അപകടം കണ്ടാല്‍ പരുക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്” എന്ന് നവ്യ നായര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. പരുക്കേറ്റ രമേശനെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.