നവ്യയുടെ 'ഉമ്മ' വരുത്തിവച്ച വിന.. വീഡിയോയുമായി നടി; പോസ്റ്റിന് വിമര്‍ശനങ്ങള്‍

ഒരു ഉമ്മ ഉണ്ടാക്കിയ പ്രശ്‌നങ്ങളാണ് നടി നവ്യ നായര്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു കസിന്റെ കുഞ്ഞിനെ താലോലിക്കാന്‍ എടുത്തപ്പോള്‍ നേരിട്ട ദുരനുഭവമാണ് നവ്യ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. കസിന്റെ കുഞ്ഞിനെ കൈയിലെടുത്ത് ചുംബിച്ചപ്പോള്‍ അമ്മ കുഞ്ഞിനെ ചീത്ത പറഞ്ഞുവെന്നും അതുകേട്ട് തന്റെ കണ്ണുകള്‍ നിറഞ്ഞു എന്നാണ് നവ്യ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയത്. അതും ഒരു കുഞ്ഞിനെ കൈയ്യിലെടുത്ത് താലോലിക്കുന്ന വീഡിയോ പങ്കുവച്ചു കൊണ്ട്.

നവ്യ വളരെ സങ്കടപ്പെട്ട് പങ്കുവച്ച പോസ്റ്റ് ആയിരുന്നുവെങ്കിലും അതിന് താഴെയെത്തിയ കമന്റുകളില്‍ മിക്കതും വിമര്‍ശനങ്ങളാണ്. ചെറിയ കുട്ടികളെ ബന്ധുക്കള്‍ ആണെങ്കില്‍ പോലും കവിളുകളിലോ ചുണ്ടുകളിലോ ഉമ്മ വയ്ക്കരുത് എന്നാണ് പലരും കമന്റുകളില്‍ പറയുന്നത്. ഇതിനൊരു സയന്റിഫിക് വശം കൂടിയുണ്ട്. കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ ശേഷി കുറവായതിനാല്‍ തന്നെ ചുണ്ടുകളിലും കവിളുകളിലും ഉമ്മ വയ്ക്കുന്നത് രോഗങ്ങള്‍ പടരാനും അവരുടെ ആരോഗ്യത്തെ ബാധിക്കാനും കാരണമാകും. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളാണ് നവ്യയ്ക്ക് ലഭിക്കുന്ന കമന്റുകള്‍ ഏറെയും.

എന്നാല്‍ തങ്ങളുടെ മക്കളെ ഉമ്മ വച്ചോളു എന്ന് പറഞ്ഞു കൊണ്ടുള്ള ചില കമന്റുകളും നടിയുടെ പോസ്റ്റിന് താഴെ എത്തുന്നുണ്ട്. എന്നാല്‍ ബാഡ് ടച്ചും ഗുഡ് ടച്ചും കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ പഠിപ്പിച്ച് ബോധവാന്‍മാരാക്കുന്ന മാതാപിതാക്കള്‍ക്ക് നവ്യ ചെയ്തത് തെറ്റ് ആണെന്ന് തന്നെയാണ് അഭിപ്രായം. എങ്കിലും നവ്യയെ പറഞ്ഞ് മനസിലാക്കുന്നതിന് പകരം കുട്ടിയോട് ദേഷ്യപ്പെട്ട അമ്മയുടെ സ്വഭാവവും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്.

View this post on Instagram

A post shared by Navya Nair (@navyanair143)

നവ്യ നായര്‍ പങ്കുവച്ച കുറിപ്പ് ഇതാണ്,

പഴയ പോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു. എന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു, പുറത്തു വളര്‍ന്നതുകൊണ്ട് അവളുടെ വര്‍ത്തമാനം ഇംഗ്ലിഷും മലയാളവും കുഴകുഴഞ്ഞു കേള്‍ക്കാന്‍ നല്ല രസമായിരുന്നു. അവള്‍ക്കെന്നെ ഇഷ്ടമായി. ഞങ്ങള്‍ കുറെ കുശലങ്ങള്‍ പറഞ്ഞു. പോരുന്നനേരം അവള്‍ക്കൊരു ഉമ്മ കൊടുത്തു. കവിളിലും നെറ്റിയിലും ചുണ്ടിലും. ക്ഷുഭിതയായ അവളുടെ അമ്മ, അന്യരെ ഉമ്മ വയ്ക്കാന്‍ അനുവദിക്കരുതെന്ന് നിന്നോടു പറഞ്ഞിട്ടില്ലേ എന്നു കുട്ടിയോടു ചോദിച്ച് ശകാരിച്ചു.

ഒരു നിമിഷം ഞാന്‍ സ്തബ്ധയായിപ്പോയി. അവളുടെ അച്ഛനും ഞാനും ഒരു വീട്ടില്‍ ഉണ്ടും ഉറങ്ങിയും വളര്‍ന്നവരാണ്, രക്തബന്ധം ഉള്ളവരാണ്. എന്റെ കണ്ണുകള്‍ നിറഞ്ഞു. ഒന്നും പറയാതെ വിടവാങ്ങി. അതിനു ശേഷം കുഞ്ഞുങ്ങളോടുള്ള അമിത സ്‌നേഹപ്രകടനത്തിനൊരു ഇളവ് വരുത്തി. പക്ഷേ ഇവള്‍ എന്നെ വശീകരിച്ചു, താജ്മഹലോളം തന്നെ. പേരറിയാത്ത മാതാപിതാക്കളേ, ഞാന്‍ അവളെ വാരിപ്പുണരുമ്പോള്‍ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം എന്നെ ധന്യയാക്കി. വാവേ നിന്റെ പേര് ചോദിച്ചു, എങ്കിലും ഈ ആന്റി മറന്നു, കാണുകയാണെങ്കില്‍ കമന്റ് ബോക്സില്‍ പേര് ഇടണം, അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെ.

Read more

അതേസമയം, ആ സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം നവ്യക്ക് ഇനിയും മനസിലാകാത്തത് കൊണ്ടാവാം വീണ്ടും ഇത്തരം വീഡിയോയും കുറിപ്പും നടി പങ്കുവച്ചത്. വൈകാരികമായി ആ സംഭവത്തെ നേരിടുന്നതിന് പകരം, ആ അമ്മയുടെ പ്രതികരണത്തിന്റെ കാരണം മനസിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ നവ്യക്ക് ഈ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമായിരുന്നില്ല.