‘ജവാന്‍’ സിനിമയില്‍ തന്റെ റോളുകള്‍ വെട്ടിക്കുറച്ചതിനാല്‍ സംവിധായകന്‍ അറ്റ്‌ലിയുമായി ദേഷ്യത്തിലാണ് നയന്‍താര എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. കാമിയോ റോള്‍ ആണെങ്കിലും ദീപിക പദുക്കോണിന് കൂടുതല്‍ ശ്രദ്ധ ലഭിച്ചു എന്നത് നയന്‍താരയെ നിരാശയാക്കി എന്നാണ് റിപ്പോര്‍ട്ടുകളില്‍ എത്തിയത്.
ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നയന്‍താര ഇപ്പോള്‍. അറ്റ്‌ലിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ പങ്കുവച്ചാണ് നയന്‍താരയുടെ പ്രതികരണം. ”പിറന്നാള്‍ ആശംസകള്‍ അറ്റ്‌ലി നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നു” എന്നാണ് ജവാന്‍ ഷൂട്ടിംഗിനിടെയിലെ ഒരു ചിത്രം പങ്കുവച്ച് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കിയെങ്കിലും നയന്‍താരയ്ക്ക് സംവിധായകന്‍ അറ്റ്‌ലിയോട് അതൃപ്തിയുള്ളതായാണ് ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. നയന്‍താരയെക്കാള്‍ പ്രാധാന്യം ദീപികയ്ക്കാണെന്നും ചിത്രം ഇറങ്ങിയതിന് ശേഷമുള്ള പ്രതികരണങ്ങളില്‍ നയന്‍താര സന്തോഷവതിയല്ലെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഇതെല്ലാം തള്ളിക്കളയുന്ന തരത്തിലായിരുന്നു നയന്‍താരയുടെ പ്രതികരണം. അതേസമയം, തന്റെ കഥാപാത്രത്തെ ചെറുതാക്കിയ അറ്റ്ലിയോട് ദേഷ്യത്തിലാണ് നയന്‍താര എന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ജവാന്റെ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും നയന്‍താര വിട്ടുനിന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read more
മുംബൈയില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലും താരം പങ്കെടുത്തിരുന്നില്ല. ഷാരൂഖ് ഖാന്‍, ദീപിക, വിജയ് സേതുപതി, അനിരുദ്ധ് രവിചന്ദര്‍, അറ്റ്‌ലി, സന്യ മല്‍ഹോത്ര, റിധി ദോഗ്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.