മലയാളത്തില്‍ ഏറെ പ്രേക്ഷകപ്രീതിയുള്ള യുവതാരങ്ങളില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ തന്നിലെ നടനെ അടയാളപ്പെടുത്തുകയും മികവാര്‍ന്ന കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുമുണ്ട് ഫഹദ്. 39-ാം ജന്മദിനം ആഘോഷിക്കുന്ന ഫഹദിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നടിയും ഭാര്യയുമായ നസ്രിയ.
”എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആവാന്‍ ഇഷ്ടമുള്ള ആള്‍ക്ക് ജന്മദിനാശംസകള്‍. ഷാനൂ, നിങ്ങളുടെ സ്വപ്നങ്ങള്‍ എല്ലാം സഫലമാവട്ടെ. എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകള്‍” എന്നാണ് ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
കൈയ്യെത്തും ദൂരത്ത് എന്ന ഫഹദിന്റെ ആദ്യ സിനിമ പരാജയമായിരുന്നു. എന്നാല്‍ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു താരത്തിന്റെ രണ്ടാം വരവ്. കയ്യെത്തും ദൂരത്തിലെ സച്ചിന്‍ മാധവനില്‍ നിന്നും കേരള കഫേയിലെ പത്രപ്രവര്‍ത്തകനിലേക്ക് എത്തുമ്പോള്‍ ഫഹദ് മിതത്വം വന്ന ഒരു നടനായി മാറിക്കഴിഞ്ഞിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ മാലികിലെ സുലൈമാന്‍ വരെ ഫഹദ് ഷോയില്‍ തിളങ്ങിയ ചിത്രമാണ്. മലയന്‍കുഞ്ഞ്, പുഷ്പ, വിക്രം എന്നിവയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഫഹദ് ചിത്രങ്ങള്‍. നിലവില്‍ കമല്‍ഹാസനൊപ്പം വിക്രം ചിത്രത്തിന്റെ ഷൂട്ടിലാണ് ഫഹദ്.