ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തു. ബഷീര്‍ ആയി ടൊവിനോ എത്തുന്നു. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജഷ് മാധവന്‍, ഉമ കെ.പി., പൂജാ മോഹന്‍രാജ്, ദേവകി ഭാഗി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
നേരത്തേ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ പേരുകള്‍ പുറത്തുവിട്ടായിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പക്ഷേ ഡേറ്റിലുണ്ടായ ചില പൊരുത്തക്കേടുകള്‍ മൂലം ഇവര്‍ ഒഴിവാകുകയായിരുന്നു.
ഒപിഎം സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന് തലശേരിയിലെ പിണറായിയാണ്.
1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ എ. വിന്‍സന്റിന്റെ സംവിധാനത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് നീലവെളിച്ചം.
ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബിജിബാല്‍, റെക്‌സ് വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം പകരുന്നു. എഡിറ്റിങ് സൈജു ശ്രീധരന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, കല ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഒ എ.എസ്. ദിനേശ്. ചിത്രം ഡിസംബര്‍ മാസം തിയറ്ററുകളിലെത്തും