യൂട്യൂബര്‍മാരുടെ നെഗറ്റീവ് റിവ്യൂവിനെതിരെ മമ്മൂട്ടിയും രംഗത്ത്. ‘ടര്‍ബോ’ സിനിമയ്‌ക്കെതിരെ എത്തിയ നെഗറ്റീവ് റിവ്യൂ ചെയ്ത യൂട്യൂബര്‍മാര്‍ക്കെതിരെ പകര്‍പ്പവകാശ ലംഘനവുമായി മമ്മൂട്ടി കമ്പനി രംഗത്തെത്തി. ടര്‍ബോയുടെ ഔദ്യോഗിക പോസ്റ്റര്‍ ഉപയോഗിച്ച വീഡിയോകള്‍ക്കെതിരെ കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് മമ്മൂട്ടി കമ്പനി എത്തിയത്.
അശ്വന്ത് കോക്ക്, ഉണ്ണി വ്‌ളോഗ്‌സ് എന്നിവര്‍ തങ്ങളുടെ തമ്പ്‌നെയില്‍ മാറ്റിയാണ് റിവ്യൂ പിന്നീട് പോസ്റ്റ് ചെയ്തത്. അശ്വന്ത് കോക്കിനെതിരെ ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കറിന്റെ പരാതിയില്‍ നിയമനടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് റിവ്യൂ പിന്‍വലിച്ചിരുന്നു.
റിവ്യൂ ബോംബിങ് സിനിമകളെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സിനിമയുടെ സംവിധായകന്‍ മുബീന്‍ റഊഫ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്. സിനിമ റിലീസ് ചെയ്തശേഷം രണ്ട് ദിവസത്തേക്ക് റിവ്യൂ നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.
എന്നാല്‍ ഇതൊന്നും പാലിക്കാതെ യൂട്യൂബിലൂടെ അശ്വന്ത് കോക്ക് അടക്കമുള്ള വ്‌ളോഗര്‍മാര്‍ സിനിമയുടെ നെഗറ്റീവ് റിവ്യൂവുമായി എത്തുന്നത്. മമ്മൂട്ടി കമ്പനി തനിക്ക് അയച്ച മെയില്‍ അശ്വന്ത് കോക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ തന്റെ എല്ലാ റിവ്യൂ വീഡിയോകളുടെയും തമ്പ് അശ്വന്ത് നീക്കം ചെയ്തിട്ടുണ്ട്.
അതേസമയം, തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്. 17 കോടിക്ക് മുകളിലാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ച കളക്ഷന്‍.