ബോക്സ്ഓഫീസ് തൂക്കി അഡ്വ. വിജയമോഹനും സംഘവും; 'നേര്' അൻപത് കോടി ക്ലബ്ബിൽ

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ‘നേര്’ മികച്ച പ്രേക്ഷക പ്രതികരങ്ങളാണ് എല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെയും അനശ്വര രാജന്റെയും സിദ്ദിഖിന്റെയും മികച്ച പ്രകടനങ്ങളാണ് ചിത്രത്തിലുള്ളത്. ആദ്യ ദിവസം മാത്രം 5 കോടി രൂപയാണ് നേര് കളക്ഷൻ നേടിയത്. റിലീസ് ചെയ്ത് ആറ് ദിവസങ്ങൾക്ക് ശേഷം മികച്ച കളക്ഷനും നേരിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഒൻപത് ദിവസങ്ങൾ കൊണ്ട് 50 കോടിയാണ് ആഗോള തലത്തിൽ ചിത്രം നേടിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് തന്നെയാണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്.

May be an image of 1 person and text

വർഷങ്ങളായി പ്രാക്ടീസ് ചെയ്യാതിരിക്കുന്ന അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ സിനിമയിൽ അവതരിപ്പിക്കുന്നത്. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതകം നടക്കുകയും അതുമായി ബന്ധപ്പെട്ട് വിജയമോഹൻ എന്ന മോഹൻലാൽ അവതരിപ്പിക്കുന്ന വക്കീൽ കേസ് ഏറ്റെടുക്കുകയും തുടർന്ന് കോടതിയിൽ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് കോർട്ട് റൂം ഴോണറിൽ പുറത്തിറങ്ങുന്ന നേരിന്റെ പ്രമേയം.

ആസിഫ് അലി നായകനായെത്തിയ ‘കൂമൻ’ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രംകൂടിയാണ് നേര്. മാത്രമല്ല ദൃശ്യം 1&2, 12th മാൻ എന്നീ സിനിമകൾക്ക് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ട് വീണ്ടുമൊന്നിക്കുമ്പോൾ വലിയ പ്രതീക്ഷകളാണ് ചിത്രത്തിന് നൽകുന്നത്.

ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, അനശ്വര രാജൻ,  ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിൻ്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Read more

അതേസമയം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിയേറ്റർ റിലീസിന് ഒരു മാസത്തിന് ശേഷം ചിത്രം ഓൺലൈനിൽ സ്ട്രീം ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം സംഗീതം നൽകിയിരിക്കുന്നു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.