മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘നേര്’ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഗംഭീര പ്രകടനമാണ് നേരിലൂടെ പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്.
റിലീസ് ചെയ്ത് ഒൻപത് ദിവസങ്ങൾ കൊണ്ട് 50 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണം സോഷ്യൽ മീഡിയയിൽ ഉയർന്നുവരികയാണ്.
ജാക്ക് ഷോൾഡർ സംവിധാനം ചെയ്ത് 1995ൽ പുറത്തിറങ്ങിയ അമേരിക്കൻ ക്രൈം- ത്രില്ലർ ചിത്രം ‘സ്കെച്ച് ആർട്ടിസ്റ്റ് 2: ഹാൻഡ്സ് ദാറ്റ് ഐ സീ’ എന്ന ചിത്രത്തിൽ നിന്നാണ് നേര് കോപ്പിയടിച്ചതെന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന ആരോപണം. അന്ധയായ ഒരു പെൺകുട്ടി റേപ്പ് ചെയ്യപ്പെടുകയും തുടർന്ന് അവളുടെ കൈകൾ ഉപയോഗിച്ച് കോടതിയിൽ വെച്ച് പ്രതിയെ തിരിച്ചറിയുന്നതും കോടതിയിലെ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
നേരിന്റെയും അമേരിക്കൻ ചിത്രത്തിന്റെയും സാമ്യതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ട്രോൾ ഗ്രൂപ്പുകളിലും സിനിമ ഗ്രൂപ്പുകളിലും ഇതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകൾ ഇപ്പോൾ വരുന്നുണ്ട്.
ചിത്രത്തിന്റെ പ്രധാന പ്ലോട്ട് അതേപോലെ പകർത്തിയ ജീത്തു ജോസഫും ശാന്തി മായാദേവിയും ഒരു ക്രെഡിറ്റ് എങ്കിലും വെക്കണമായിരുന്നു എന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന പ്രധാന വിമർശനം. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് നേരിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.