നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ സൗത്ത് ഇന്ത്യന്‍ ആന്തത്തിന് എതിരെ വിമര്‍ശനങ്ങള്‍. നീരജ് മാധവിന്റെ മലയാളം റാപ്പ് വരുന്ന ഭാഗത്തിലെ സബ്ടൈറ്റിലിന് എതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. നീരജിന്റെ പാട്ടില്‍ “പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്” എന്നാണ് ഒരു വരി.
എന്നാല്‍ “പൊറോട്ടേം ബിഡിഎഫും ഞാന്‍ തിന്നും അതികാലത്ത്” എന്നാണ് സബടൈറ്റില്‍ ആയി കൊടുത്തിരിക്കുന്നത്. ഇതോടെ ബീഫ് എന്ന് സബ്ടൈറ്റിലില്‍ എഴുതാന്‍ നെറ്റ്ഫ്ളിക്സിന് പേടിയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ബീഫിന് ബീഫ് എന്ന് തന്നെ പറയണം നെറ്റ്ഫ്ളിക്സ് ഏമാന്മാരേ, സബ്ടൈറ്റില്‍ മാറ്റി സംഘികളെ പറ്റിക്കുന്നോ എന്നാണ് ഒരു കമന്റ്. പൊറോട്ടേം ബീഫും മാറ്റി ബിഡിഎഫ് എന്നാക്കി സെന്‍സര്‍ ചെയ്തത് കണ്ടോ എന്നും ചിലര്‍ ചോദിക്കുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രേക്ഷകരോട് സംവദിക്കാന്‍ പ്രത്യേക ട്വിറ്റര്‍ ഹാന്‍ഡില്‍ തുടങ്ങിയതിന് പിന്നാലെ സൗത്ത് ആന്തം എത്തിയിരിക്കുന്നത്. “നമ്മ സ്റ്റോറീസ്” റാപ് ആന്തത്തില്‍ അറിവ്, സിരി, ഹനുമാന്‍ കൈന്‍ഡ് എന്നിവരുമുണ്ട്.
നൂറ് ശതമാനം സാക്ഷരത, ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രാവീണ്യം, റസൂല്‍ പൂക്കൂട്ടിയുടെ ഓസ്‌കാര്‍ നേട്ടം, മോഹന്‍ലാല്‍, മമ്മൂട്ടി, ചെണ്ടമേളം, കഥകളി, വള്ളംകളി, നാടന്‍തല്ല് തുടങ്ങിയവയാണ് നീരജ് മാധവിന്റെ വരികളില്‍.