ആർ. എ ഷഹീർ സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘നിമ്രോദ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ദുബായിൽ വെച്ച് നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിങ്ങും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയത്.
ചിത്രത്തിൽ പൊലീസ് ഓഫീസർ ആയാണ് ഷൈൻ ടു ചാക്കോ എത്തുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിന് ഡെവിൾസ് സൈക്കോളജി എന്നാണ് ടാഗ് ലൈൻ നൽകിയിരിക്കുന്നത്.
കെ. എം പ്രതീഷ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ദിവ്യ പിള്ള, ആത്മീയ രാജൻ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യൂട്യൂബ് വ്ളോഗർ പാർവതി ബാബു, സംവിധായകൻ ലാൽ ജോസ്, അമീർ നിയാസ് എന്നിവരടക്കം നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സംവിധായകനായ ആർ. എ ഷഹീർ തന്നെയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സിറ്റി ടാർഗറ്റ് എന്റർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് ആണ് നിമ്രോദ് നിർമ്മിക്കുന്നത്.
ജോർജിയ, ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം. ശേഖർ വി ജോസഫ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഡിസംബർ അവസാനവാരത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്തവർഷം പകുതിയോടെ തിയേറ്ററുകളിൽ എത്തും.