നിര്‍മല്‍ പാലാഴി തമിഴിലേക്ക്, സംവിധാനം ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക

ഹാസ്യ നടന്‍ നിര്‍മല്‍ പാലാഴി തമിഴിലേക്ക്. കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ‘പേപ്പര്‍ റോക്കറ്റ്’ എന്ന വെബ്‌സീരീസിലൂടെയാണ് നിര്‍മല്‍ പാലാഴി തമിഴിലേക്ക് എത്തുന്നത്. തമിഴ് നടന്‍ ഉദയനിധി സ്റ്റാലിന്റെ ഭാര്യയാണ് സംവിധായിക കൃതിക ഉദയനിധി. കാളിദാസ് ജയറാമാണ് സീരീസില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. നിര്‍മല്‍ തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചത്.

നിര്‍മ്മല്‍ പാലാഴിയുടെ കുറിപ്പ്

ഒരുപാട് സന്തോഷത്തോടെ നിങ്ങളുമായി പങ്ക്വെക്കുന്നു. ഈ ലോക്ഡൗണില്‍ ജോലി ഒന്നും ഇല്ലാതെ ഇരിക്കുമ്പോള്‍ സിനിമാ പ്രോമോഷന്‍ വര്‍ക്ക് എല്ലാം ചെയ്യുന്ന പ്രിയ സുഹൃത് സംഗീത വിളിച്ചിട്ട് ഒരു തമിഴ് വര്‍ക്കില്‍ വേഷം കിട്ടിയാല്‍ പോവുമോ എന്ന് ചോദിച്ചു. മലയാളം അല്ലാതെ വേറെ ഒന്നും അറിയാത്ത എന്നോടൊ ബാലാ…? അതൊന്നും ഇങ്ങള് പ്രേശ്‌നമാക്കേണ്ട കിട്ടിയാല്‍ വലിയ വര്‍ക്ക വല്യ ടീമാ. ഏതാ ഇത്ര വല്യ ടീം അവിടുത്തെ മുഖ്യമന്ത്രി ഒന്നും അല്ലല്ലോ..? മുഖ്യമന്ത്രി അല്ല അവരുടെ മകന്റെ ഭാര്യയാണ് ഡയറക്ടര്‍. ഹേ..? ഹാ.. ന്ന്.

അവിടുത്തെ മുഖ്യമന്ത്രി സ്റ്റാലിന്‍ സാറിന്റെ മകനായ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക മാഡം ഡയറക്ട് ചെയ്യുന്ന വെബ്സീരിസിലേക്ക് ആണ്. ഭാഷയോ ദേശമോ ഒന്നും അറിയില്ല പണിയാണല്ലോ മുഖ്യം നേരെ വിട്ടു ചെന്നൈയിലേക്ക്. എന്റെ ഡയലോഗ് ”തങ്‌ളിഷില്‍” എഴുതി തന്നു. അതെല്ലാം പാലഴിയിലെ ചെറുപ്പം മുതല്‍ ഉള്ള സൗഹൃദം രജി ചേച്ചിക്ക് അയച്ചു കൊടുത്തു രജി ചേച്ചിയും സതീഷ് ഏട്ടനും അതിന്റെ അര്‍ത്ഥം തിരിച്ചു അയച്ചു തന്നു. പിന്നെ ഷൂട്ടിങ്ങ് സമയത്ത് പ്രിയ സുഹൃത്തായ പ്രിയ ചേച്ചിയുടെ മകനായ ചിക്കു തുടക്കം മുതല്‍ അവസാനം വരെ അവന്റെ ജോലിയെല്ലാം നിര്‍ത്തിവച്ചു എന്റെ കൂടെ നിന്നു, എല്ലാവരോടും നിറഞ്ഞ സ്‌നേഹം.

പിന്നെ ഇതില്‍ ഞാന്‍ എത്താന്‍ കാരണക്കാരന്‍ മലയാളത്തിന്റെ അഭിമാനം ജയറാം ഏട്ടന്റെ മകനായ കാളിദാസ് ജയറാം(കണ്ണന്‍) അതിശയവും സ്‌നേഹവും തീര്‍ത്താല്‍ തീരാത്ത നന്ദിയും തോന്നി. കാരണം അതുവരെയും നേരിട്ട് കാണുകപോലും ചെയ്യാത്ത കണ്ണനാണ് ഈ കഥാപാത്രത്തിന് എന്റെ പേര് പറഞ്ഞത് എന്നറിഞ്ഞപ്പോള്‍.. സീരീസിലെ ആദ്യ സോങ്ങ് റിലീസ് ആയി നിങ്ങളിലേക്ക് എത്തിക്കുന്നു അതിലുള്ള ഏറ്റവും വലിയ സന്തോഷം എന്താണെന്ന് വച്ചാല്‍, ‘കണ്ണാനെ കണ്ണേ’, ‘പുഷ്പ്പ’സിനിമയിലെ ഹിറ്റ് സോങ്ങ് എല്ലാം പാടിയ സിദ് ശ്രീറാമിന്റെ ശബ്ദത്തില്‍ എനിക്കും അഭിനയിക്കാന്‍ പറ്റി എന്നുള്ളതാണ്. ദൈവത്തിന് നന്ദി, കൂടെ നില്‍ക്കുന്നവര്‍ക്കും..

Read more