അയ്യപ്പനും കോശിയും സിനിമയില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമാണ് ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രം. ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നടി നിത്യ മേനോന്‍ കണ്ണമ്മയായി എത്തും. അയ്യപ്പന്‍ നായരുടെ കഥാപാത്രം തെലുങ്കിലെത്തുമ്പോള്‍ ഭീംല നായക് ആകുന്നു.
ഭീംല നായക് എന്നാണ് ചിത്രത്തിന്റെ പേര്. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. കോശി കുര്യന്‍ തെലുങ്കില്‍ ഡാനിയല്‍ ശേഖര്‍ ആണ്. പവന്‍ കല്യാണ്‍ അയ്യപ്പന്‍ നായര്‍ ആകുമ്പോള്‍ റാണ ദഗുബതിയാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കോശി കുര്യനെ അവതരിപ്പിക്കുന്നത്.
കോശിയുടെ ഭാര്യ റൂബിയായി തെലുങ്കില്‍ സംയുക്ത മേനോന്‍ അഭിനയിക്കുന്നു. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. സമുദ്രക്കനി ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. തമന്‍ സംഗീതം. ഛായാഗ്രഹണം രവി കെ. ചന്ദ്രന്‍. ചിത്രം ജനുവരി 12ന് തിയറ്ററുകളിലെത്തും.
അന്തരിച്ച സംവിധായകന്‍ സച്ചി ഒടുവില്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രത്തിന്റെ ബോളിവുഡ് റീമേക്കും ഒരുങ്ങുന്നുണ്ട്. ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു എന്നാണ് ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഭിഷേക് ബച്ചന്‍ ചിത്രത്തില്‍ നിന്നും പിന്മാറി.