'നിവിന്റെ ചങ്കൂറ്റം അസാധ്യം, ആ കഥാപാത്രം മറ്റാര്‍ക്കും ചെയ്യാനാവില്ല'

റിച്ചിയേയും നിവിനേയും പ്രശംസിച്ച് റിച്ചിയുടെ ഒറിജിനല്‍ പതിപ്പായ ഉളിദവരു കണ്ടതെയുടെ സംവിധായകന്‍ രക്ഷിത് ഷെട്ടി. റിച്ചിയെ ഒറിജനലുമായി ഒരിക്കലും താരതമ്യം ചെയ്യരുതെന്നും താന്‍ റിച്ചി വളരെ ആസ്വദിച്ചുവെന്നും നിവിനല്ലാതെ മറ്റാര്‍ക്കും ആ കഥാപാത്രത്തെ അത്ര നന്നായി ചെയ്യാനാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും രക്ഷിത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. റിച്ചിയെ ഉളിദവരു കണ്ടതെയുമായി താരതമ്യം ചെയ്തുകൊണ്ടു രൂപേഷ് പീതാംബരന്‍ ഇട്ട പോസ്റ്റ് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. നിവിന്‍ പോളിയുടെ ആരാധകരുടെ അധിക്ഷേപത്തെ തുടര്‍ന്ന് രൂപേഷിന് ക്ഷമാപണം നടത്തേണ്ടി വന്നിരുന്നു. ഇതിനുശേഷമാണ് ഈ വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി രക്ഷിത് എത്തിയത്.

രക്ഷിതിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയാണ് ഉളിവരു കണ്ടതെ. എന്റെ വീക്ഷണത്തിലൂടെ സംവിധാനം ചെയ്ത ഒരു ചിത്രം മറ്റൊരു സംവിധായകന്റെ കാഴ്ചപ്പാടിലൂടെ എങ്ങനെയാകും ഉണ്ടാവുക എന്ന് ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്. അണിയറപ്രവര്‍ത്തകക്കൊപ്പം റിച്ചി ഞാന്‍ വളരെ ആസ്വദിച്ചാണ് കണ്ടത്. കര്‍ണാടകത്തിലെ കടലോര പ്രദേശങ്ങളിലാണ് ഉളിദവരു കണ്ടതെയുടെ ആത്മാവ് കുടികൊള്ളുന്നത്.. അങ്ങനെയുള്ളൊരു ചിത്രം തികച്ചും വ്യത്യസ്തമായ മറ്റൊരു പശ്ചാത്തലത്തില്‍ പുനരവതരിപ്പിക്കാന്‍ അസാമാന്യ ധൈര്യം വേണം.

നിങ്ങളില്‍ ചിലര്‍ക്ക് അത് ഇഷ്ടപ്പെട്ടു കാണും. മറ്റു ചിലര്‍ക്ക് തിരിച്ചും. എന്നാല്‍ ഈ സിനിമ യാഥാര്‍ഥ്യമാക്കാന്‍ ഗൗതം രാമചന്ദ്രന്‍ എടുത്ത പരിശ്രമവും അദ്ദേഹത്തിന്റെ അഭിനിവേശവും ആര്‍ക്കും തള്ളിക്കളയാനാവില്ല.

ഞാന്‍ ഉണ്ടാക്കിയ ഒരു കഥാപാത്രമാണ് റിച്ചി. എന്നാല്‍, ചിത്രീകരണം ആരംഭിച്ച സമയത്ത് ആ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണമെന്ന് എനിക്കൊരു രൂപവും ഉണ്ടായിരുന്നില്ല. റിച്ചിയിലെ രണ്ടു സീനുകളാണ് ഞങ്ങള്‍ ആദ്യത്തെ മൂന്നു ദിവസം ചിത്രീകരിച്ചത്. അത് സിനിമയില്‍ ഉള്‍പ്പെടുത്താനും സാധിച്ചില്ല. അത് ഒരുവിധത്തില്‍ നന്നായെന്നും പറയാം. പതിയെ പതിയെ റിച്ചി എന്നിലേക്ക് വന്നുചേരുകയായിരുന്നു.

എന്നാല്‍ നിവിന്റെ അനുഭവം മറ്റൊന്നാണ്. മറ്റൊരാള്‍ രൂപം നല്‍കിയ കഥാപാത്രത്തെയാണ് നിവിന് അവതരിപ്പിക്കേണ്ടിയിരുന്നത്. മാത്രമല്ല റിച്ചി എന്ന കഥാപാത്രത്തിന്റെ ശരീരഭാഷ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ താരതമ്യപ്പെടുത്തലുകള്‍ സംഭവിക്കും. എന്നാല്‍, അതുമായി പൊരുത്തപ്പെട്ടാലും അഭിപ്രായങ്ങള്‍ ഉണ്ടാവും. എന്നിരുന്നാലും ആ കഥാപാത്രം ഏറ്റെടുക്കാന്‍ നിവിന്‍ കാണിച്ച ചങ്കൂറ്റത്തെ സമ്മതിച്ചുകൊടുക്കണം. നിവിനാണ് ഈ ചിത്രത്തില്‍ അതീവ താല്പര്യം കാണിച്ചത്. പ്രേമം സൂപ്പര്‍ ഹിറ്റ് ആയിട്ട് പോലും അദ്ദേഹം ഈ ചിത്രം ചെയ്യാന്‍ ആഗ്രഹിച്ചു.

നിവിനേക്കാള്‍ നന്നായി ആ കഥാപാത്രം മറ്റാര്‍ക്കും ചെയ്യാനാവില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനെ ഒറിജിനലുമായി താരതമ്യം ചെയ്യുന്നത് ഒട്ടും ശരിയല്ല. എന്റെ എല്ലാ ആശംസകളും നിവിനും ഗൗതമിനോടൊപ്പവും ഉണ്ടാകും.