കഴിഞ്ഞ വര്‍ഷം എത്തിയ നിവിന്‍ പോളി സിനിമകള്‍ക്കൊന്നും വന്‍ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ നടന് നേരെ ബോഡി ഷെയ്മിംഗും നടന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെയും പരിഹാസങ്ങളയെല്ലാം കാറ്റില്‍ പറത്തി പുത്തന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് നിവിന്‍ പോളി.
നിവിന്‍ പോളിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരം തടിച്ച പ്രകൃതത്തിലായിരുന്നു. ഇതോടെ ആയിരുന്നു നിവിനെതിരെ രൂക്ഷമായ പരിഹാസങ്ങള്‍ ഉയര്‍ന്നത്. ഇപ്പോള്‍ തടി കുറച്ച് പുതിയ ലുക്കിലുള്ള ഫോട്ടോയാണ് നിവിന്റെതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് നിവിന്റെ രൂപമാറ്റം എന്നാണ് റിപ്പോര്‍ട്ട്. ഏകദേശം രണ്ട് മാസം കൊണ്ടാണ് നിവിന്‍ തടി കുറച്ചത്. ഏറെ നാളുകളായി കുടുംബത്തിനൊപ്പം ദുബായിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ തിരിച്ചെത്തിയത്.
റാമിന്റെ തമിഴ് ചിത്രം ‘യേഴു കടല്‍ യേഴു മലൈ’ ആണ് നിവിന്റെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വിനയ് ഗോവിന്ദിന്റെ ‘താരം’ ആണ് നടന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. വിജയ്-ലോകേഷ് കനകരാജ് കോംമ്പോയില്‍ ഒരുങ്ങുന്ന ദളപതി 67ലും നിവിന്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.