ജീവിതം ദുരിതക്കയത്തിലായതോടെ ലോട്ടറി വില്‍ക്കാന്‍ ഇറങ്ങി ‘ആക്ഷന്‍ ഹീറോ ബിജു’ താരം മേരി. വീട്ടില്‍ ജപ്തി നോട്ടീസ് എത്തിയതോടെയാണ് ചേര്‍ത്തല അരൂര്‍ ദേശീയ പാതയ്ക്ക് സമീപം ലോട്ടറി വില്‍ക്കാനായി താരം ഇറങ്ങിയത്. സിനിമയില്‍ നിന്നും വിളിക്കാറില്ല എന്നാണ് മേരി പറയുന്നത്.
ആലപ്പുഴ എഴുപുന്ന ചാണിയില്‍ ലക്ഷംവീട് കോളനി വീട്ടിലാണ് മേരി താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്ഷന്‍ ഹീറോ ബിജുവില്‍ അവസരം ലഭിക്കുന്നത്. മകളെ വിവാഹം കഴിച്ചയച്ചു. കൂടെയുള്ള മകന് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. രാവിലെ 6.30ന് വീട്ടില്‍ നിന്നിറങ്ങും.
ഉച്ചവരെ പൊരിവെയിലത്ത് ലോട്ടറി വില്‍ക്കും. 300 രൂപ വരെ കിട്ടും. സിനിമയില്‍ എന്തെങ്കിലും ഒരു വേഷവുമായി ആരെങ്കിലും വിളിക്കും എന്ന പ്രതീക്ഷയുണ്ടെങ്കിലും സിനിമാക്കാര്‍ വിളിക്കാറില്ല എന്നാണ് മേരി മനോരമ ന്യൂസിനോട് പ്രതികരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുകയും സിനിമ കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങുകയുമായിരുന്നു.
ഇപ്പോള്‍ ജപ്തി നോട്ടീസുമെത്തി. ലോണ്‍ അടക്കാന്‍ വേണ്ടിയാണ് ലോട്ടറി വില്‍പ്പനയ്ക്ക് മേരി ഇറങ്ങിയത്. അതേസമയം, ആക്ഷന്‍ ഹീറോ ബിജുവിലെ മേരിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം പരസ്യങ്ങളിലും മേരി അഭിനയിച്ചിരുന്നു.