മയക്കുമരുന്ന് അടിമകള്‍ സിനിമയില്‍ വേണമെന്ന് ആഗ്രഹമില്ല, എന്തുനടപടി വേണമെങ്കിലും സര്‍ക്കാരിന് എടുക്കാം: നിര്‍മ്മാതാക്കള്‍

മയക്കുമരുന്നിന് അടിമയായ സിനിമാപ്രവര്‍ത്തകര്‍ സിനിമയില്‍ വേണമെന്ന് തങ്ങള്‍ക്കില്ലെന്ന് വ്യക്തമാക്കി നിര്‍മാതാക്കളുടെ സംഘടന. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്ത് തീരുമാനം എടുത്താലും എല്ലാ രീതിയിലുമുള്ള പിന്തുണയും നല്‍കുമെന്നും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്ത് വ്യക്തമാക്കി.

കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു നിര്‍മ്മാതാക്കളുടെ പ്രതികരണം. ലൊക്കേഷനുകളില്‍ പൊലീസിന് പരിശോധന നടത്താം. മയക്കുമരുന്നിന് അടിമകളായവരുമായി സിനിമ ചെയ്യാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. എന്തുനടപടി വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്. പരാതികള്‍ ഉണ്ടെങ്കില്‍ നടപടി എടുക്കണം.

പത്രമാധ്യമങ്ങളില്‍ കാണുന്നു മയക്കുമരുന്നു സംഘങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന സിനിമകള്‍ ഉണ്ടെന്ന്. അങ്ങനെ ഉണ്ടെങ്കില്‍ പൂര്‍ണമായും അത് അന്വേഷിക്കണം. അതിനുള്ള എല്ലാ പിന്തുണയും നിര്‍മാതാക്കള്‍ നല്‍കും. സെലിബ്രിറ്റികള്‍ അത് പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നാല്‍ പുതിയ തലമുറ നശിക്കും. ഇതെല്ലാം പുറത്തുകൊണ്ടുവരണം. അത് സിനിമയ്ക്ക് ഗുണമേ ചെയ്യൂവെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Read more

അതേസമയം, യൂടൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ച നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് സിനിമ രംഗത്ത് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി.