ഐശ്വര്യ ലക്ഷ്മി ചിത്രത്തിന് തിയേറ്റര്‍ റിലീസ് ഇല്ല; നിര്‍മ്മാതാക്കള്‍ക്കെതിരെ വസന്ത് രവി

ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന തമിഴ് സിനിമ ‘പൊണ്‍ ഒന്‍ട്രു കണ്ടേന്‍’ തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ല. ഡയറക്ട് ഒ.ടി.ടി/ടിവി റിലീസിനാണ് നിര്‍മാതാക്കളായ ജിയോ സ്റ്റുഡിയോസ് പദ്ധതിയിടുന്നത്. ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ പ്രധാന താരങ്ങളില്‍ ഒരാളായ വസന്ത് രവി.

കളേഴ്‌സ് തമിഴ് ചാനലിലൂടെയും ജിയോ സിനിമയിലൂടെയും ചിത്രം പ്രീമിയര്‍ ചെയ്യാനാണ് ജിയോ സ്റ്റുഡിയോസ് പദ്ധതിയിടുന്നത്. എന്നാല്‍ ഇക്കാര്യം അണിയറപ്രവര്‍ത്തകരെ അറിയിക്കാതെയാണ് നടത്തുന്നത് എന്നാണ് ആരോപണം. ചിത്രത്തിന്റെ പ്രമോ ടിവിയില്‍ കണ്ടപ്പോഴാണ് ഇത് അറിയുന്നത് എന്നാണ് വസന്ത് രവി പറയുന്നത്.

”ഷോക്കിങ്, ഇത് സത്യമാണോ? പ്രത്യേകിച്ചും ജിയോ സ്റ്റുഡിയോസ് പോലെ പേരുകേട്ട ഒരു നിര്‍മാണ സ്ഥാപനം ഇങ്ങനെ ചെയ്യുമോ? പൊണ്‍ ഒന്‍ട്രു കണ്ടേന്‍ എന്ന സിനിമയുടെ വേള്‍ഡ് സാറ്റലൈറ്റ് പ്രീമിയര്‍ പ്രമൊ കണ്ടപ്പോള്‍ വേദനയും ദുഃഖവുമാണ് തോന്നിയത്.”

”സിനിമയില്‍ അഭിനയിച്ച ഞങ്ങളോടോ അതിന്റെ അണിയറ പ്രവര്‍ത്തകരോടോ ഇക്കാര്യത്തില്‍ ഒരു വാക്കു പോലും ഇവര്‍ ചോദിച്ചിട്ടില്ല. ഞങ്ങള്‍ ഈ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടവരാണ്. പൊണ്‍ ഒന്‍ട്രു കണ്ടേന്‍ സിനിമയുടെ മുഴുവന്‍ ടീമിനും ഇതിനെ കുറിച്ച് പൂര്‍ണമായും ഒന്നും അറിയില്ല.”

”ഇക്കാര്യത്തില്‍ ഞങ്ങളോട് കാണിച്ച ‘ആദരവിന്’ ജിയോ സ്റ്റുഡിയോയ്ക്ക് നന്ദി” എന്നാണ് വസന്ത് രവി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. അതേസമയം, വി പ്രിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശോക് സെല്‍വന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.