സനല്‍ കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍! നടി നല്‍കിയത് രണ്ടാമത്തെ പരാതി; സംവിധായകന്‍ വിദേശത്ത്

നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ എതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍. പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നി വകുപ്പിലാണ് കേസ് എടുത്തത്. നേരത്തെ ഉണ്ടായ സമാന പരാതിയില്‍ കുറ്റപത്രം നല്‍കാനിരിക്കെയാണ് രണ്ടാമത്തെ കേസ് സംവിധായകനെതിരെ രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം ഇ-മെയില്‍ വഴിയായിരുന്നു നടി സനല്‍ കുമാര്‍ ശശിധരനെതിരെ കൊച്ചി എളമക്കര പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. നേരത്തേയും ഈ നടിയുടെ പരാതിയില്‍ സംവിധായകനെതിരെ കേസ് എടുത്തിട്ടുണ്ട്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിന്തുടര്‍ന്ന് അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് 2022ല്‍ നടി സനല്‍ കുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത പൊലീസ് തിരുവനന്തപുരത്ത് നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ സനലിന് ജാമ്യം അനുവദിച്ചത്.

2019 ഓഗസ്റ്റ് മുതല്‍ സനല്‍ കുമാര്‍ ശശിധരന്‍ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു നടി പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനല്‍കുമാര്‍ ശശിധരന്‍ പ്രണയാഭ്യര്‍ത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതെന്നും നടി പരാതിയില്‍ പറഞ്ഞിരുന്നു.

പിന്നാലെയാണ് വീണ്ടും നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സനല്‍കുമാര്‍ അപമാനകരമായ പോസ്റ്റുകള്‍ പങ്കിട്ടത്. അതേസമയം, സനല്‍കുമാര്‍ ശശിധരന്‍ അമേരിക്കയിലെന്ന് വിവരം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ അമേരിക്കയിലാണെന്ന് കൊച്ചി പൊലീസ് അറിയിച്ചു. സനല്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ കോണ്‍സുലേറ്റിനെ സമീപിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

Read more