സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. രജനികാന്തിനെ നായകനാക്കി ഒരുക്കിയ “യന്തിരന്‍” സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന കേസിലാണ് നടപടി. എഴുത്തുകാരന്‍ അറൂര്‍ തമിഴ്‌നാടന്‍ നല്‍കിയ കേസിലാണ് ചെന്നൈ എഗ്മോര്‍ മജിസ്‌ട്രേറ്റ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
1996ല്‍ പുറത്തിറങ്ങിയ തന്റെ കഥ “ജിഗൂബ” ആണ് സിനിമയാക്കിയത് എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 2010ല്‍ ആണ് യന്തിരന്‍ റിലീസ് ചെയ്തത്. അന്ന് കൊടുത്ത കേസില്‍ പത്തു വര്‍ഷമായിട്ടും ശങ്കര്‍ കോടതിയില്‍ ഹാജരായില്ല. ഇതോടെയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
യന്തിരന്റെ നിര്‍മ്മാതാവ് കലാനിധി മാരനോടും കോടതിയില്‍ ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇവര്‍ കേസിനെതിരെ അപ്പീല്‍ പോയിരുന്നു. ഒരു കോടി നഷ്ടപരിഹാരവും അറൂര്‍ തമിഴ് നാടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സൂപ്പര്‍ ഹിറ്റായ യന്തിരന്റെ രണ്ടാം ഭാഗമായി “2.0” സിനിമയും എത്തിയിരുന്നു. 2018ല്‍ ആണ് രണ്ടാം ഭാഗം എത്തിയത്. 1996ല്‍ തമിഴ് മാസികയായ ഇനിയ ഉദയത്തില്‍ പ്രസിദ്ധീകരിച്ച ജിഗൂബ, 2007ല്‍ ദിക് ദിക് ദീപിക എന്ന നോവലായി വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു.