ആ ഒരു നിമിഷം മമ്മൂട്ടി ഞെട്ടിച്ചു കളഞ്ഞു, രോമാഞ്ചമുണ്ടാക്കിയ മുഹൂര്‍ത്തം: എന്‍.എസ് മാധവന്‍

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി കോംമ്പോയില്‍ എത്തിയ ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളായി അമ്പരപ്പിക്കുന്ന പ്രകടനമാണ് മമ്മൂട്ടി ചിത്രത്തില്‍ കാഴ്ചവച്ചത്. ചിത്രത്തെ കുറിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ പങ്കുവച്ച ട്വീറ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

ചിത്രത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുഹൂര്‍ത്തത്തെ കുറിച്ചാണ് എന്‍.എസ് മാധവന്‍ പറയുന്നത്. ”മലയാളിയായ ജെയിംസ് തന്റെ മുണ്ടു മാറ്റി തമിഴന്‍ സുന്ദരമായി മാറാനായി ലുങ്കി ഉടുക്കുന്ന രംഗമാണ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ എനിക്കേറ്റവും രോമാഞ്ചമുണ്ടാക്കിയ മുഹൂര്‍ത്തം.”

”മമ്മൂട്ടി വിസ്മയിപ്പിക്കുന്ന പരിവര്‍ത്തനമാണ് അവിടെ പുറത്തെടുക്കുന്നത്. ഒരു നിമിഷം കൊണ്ട് അദ്ദേഹത്തിന്റെ ശരീരഭാഷയും പെരുമാറ്റവും മാറി. സല്യൂട്ട്, മാസ്റ്റര്‍ തെസ്പിയന്‍!” എന്നാണ് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മമ്മൂട്ടി, അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍, രാജേഷ് ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്.

Read more

മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ആന്‍സണ്‍ ആന്റണി.