സ്വന്തം സിനിമയുടെ വിജയാഘോഷ വേദയില്‍ അപമാനിതയായി അനുപമ പരമേശ്വരന്‍; ജൂനിയര്‍ എന്‍ടിആര്‍ ആരാധകരില്‍ നിന്നും നടിക്ക് മോശം പെരുമാറ്റം

100 കോടി ക്ലബ്ബില്‍ ഇടം നേടിയ ‘ടില്ലു സ്‌ക്വയര്‍’ ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിനിടെ നടി അനുപമ പരമേശ്വരന് ജൂനിയര്‍ എന്‍ടിആറിന്റെ ആരാധകരില്‍ നിന്നും മോശം പെരുമാറ്റം. ജൂനിയര്‍ എന്‍ടിആര്‍ ആയിരുന്നു വിജയാഘോഷ പരിപാടിയില്‍ അതിഥിയായി എത്തിയത്.

സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി അനുപമ എത്തിയപ്പോള്‍ നടിയോട് സംസാരിക്കണ്ടെന്ന് ആരാധകര്‍ ആവശ്യപ്പെടുകയായിരുന്നു. ‘ഞാന്‍ സംസാരിക്കണോ വേണ്ടയോ’ എന്ന് അനുപമ ചോദിക്കുമ്പോള്‍ ആരാധകര്‍ വേണ്ടെന്ന് പറയുന്നുമുണ്ട്. ആരാധകര്‍ ജൂനിയര്‍ എന്‍ടിആറിനോട് പ്രസംഗിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് താന്‍ സംസാരിക്കാതെ പോകുന്നില്ലെന്ന് നടി പറഞ്ഞു. ”ഒരു മിനിറ്റ് മതി. നിങ്ങളുടെ സ്‌നേഹത്തിന് വളരെ നന്ദി. നിങ്ങളുടെ സമയം ഞാന്‍ പാഴാക്കില്ല. എന്‍ടിആര്‍ ഗാരു ഇവിടെ വന്നതിന് വളരെ നന്ദി. അവരുടെ വികാരം എന്താണെന്ന് എനിക്ക് മനസിലായതിനാല്‍ എനിക്ക് വിഷമമില്ല. ഞാനും ആവേശത്തിലാണ്” എന്ന് പറഞ്ഞു കൊണ്ട് അനുപമ പ്രസംഗം നിര്‍ത്തുകയായിരുന്നു.

ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അനുപമയ്ക്ക് നേരെ നടന്ന മോശം പെരുമാറ്റത്തില്‍ നിരവധിപ്പേര്‍ പ്രതികരിച്ച് രംഗത്തെത്തി. ആരാധകര്‍ നടത്തിയത് തെറ്റായ കാര്യമാണെന്നും അനുപമയുടെ സിനിമ നേടിയ വിജയത്തിന്റെ സന്തോഷം പങ്കുവെക്കാന്‍ അവരെ അനുവദിക്കാതിരുന്നത് മോശമായെന്നും പലരും പ്രതികരിച്ചു.

സാഹചര്യത്തെ പക്വതയോടെ കൈകാര്യം ചെയ്തതില്‍ നടിയ്ക്ക് ഏറെ പ്രശംസകളും ലഭിക്കുന്നുണ്ട്. അതേസമയം, 2022ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ‘ഡിലെ ടില്ലു’വിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ ആണ് നായകന്‍. അനുപമയുടെ ഗ്ലാമറസ് അവതാര്‍ മാത്രമല്ല, ലിപ്ലോക് അടക്കമുള്ള ഇന്റിമേറ്റ് രംഗങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു.

ഇങ്ങനൊയൊരു വേഷം ചെയ്യുന്നതിനെ കുറിച്ച് അനുപമ സംസാരിക്കുകയും ചെയ്തിരുന്നു. 19-ാം വയസില്‍ പ്രേമം പോലുള്ള സിനിമകള്‍ ചെയ്തു. 29-ാം വയസില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യേണ്ടതുണ്ട്. താന്‍ ഒരേതരം റോളുകള്‍ ചെയ്യുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരും പ്രേക്ഷകരും ചോദ്യം ചെയ്യാന്‍ തുടങ്ങിയെന്നും അനുപമ പറഞ്ഞിരുന്നു.