നമ്പര്‍ 20 മദ്രാസ് മെയിലില്‍ മണിയന്‍പിള്ള രാജു മമ്മൂട്ടിയോട് പറയാന്‍ ശ്രമിച്ച, മോഹന്‍ലാലിന് അറിയാവുന്ന കഥ സിനിമയാകുന്നു

നമ്പര്‍ 20 മദ്രാസ് മെയിലില്‍ മണിയന്‍പിള്ള രാജു കഥാപാത്രം ഹിച്ച്‌കോക്ക് കഞ്ഞിക്കുഴി എഴുതിയ വാരിക്കുഴിയിലെ കഥാപാത്രം സിനിമയാകുന്നു. ഇതേപേരിലാണ് സിനിമ ജനിക്കുന്നതെങ്കിലും കഥ എന്താണെന്ന് ഹിച്ച്‌കോക്ക് കഞ്ഞിക്കുഴിക്ക് പോലും അറിയില്ല.

അന്ന് കഥ പറയാന്‍ എത്തിയപ്പോഴൊന്നും “സ്മാര്‍ട്ട് മമ്മൂട്ടി” അതിന് സമ്മതിച്ചില്ല. അതുകൊണ്ട് ആ കഥ എന്താണെന്ന് അറിയാന്‍ നമ്മള്‍ പ്രേക്ഷകര്‍ക്കും സാധിച്ചില്ല. ഇനി ആ കഥ അറിയാന്‍ നമുക്ക് ഈ സിനിമയ്ക്കായി കാത്തിരിക്കാം.

വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രം കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ചിത്രീകരണം തുടങ്ങി. ഹിച്ചകോക്ക് കഞ്ഞിക്കുഴിയുടെ മനസ്സിലുള്ള കഥയെ സിനിമാ പരുവത്തിലേക്ക് ആക്കുന്നത് രജീഷ് മിഥില എന്ന യുവസംവിധായകനാണ്. അദ്ദേഹം തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

അമിത് ചക്കാലയ്ക്കലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയില്‍ പ്രമുഖ താരങ്ങളെ ഉള്‍പ്പെടെ അതിഥി വേഷത്തില്‍ എത്തിക്കാന്‍ അണിയറക്കാര്‍ ശ്രമിക്കുന്നുണ്ട്. മെജോ ജോസഫാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. ബാഹുബലിക്ക് സംഗീതം നല്‍കിയ എം.എ. കീരവാണി, ശ്രെയാ ഘോഷാല്‍, വൈഷ്ണവ് ഗിരീഷ് എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിച്ച്‌കോക്ക് കഞ്ഞിക്കുഴിയുടെ മനസ്സിലുള്ള കഥ സിനിമയാകുമ്പോള്‍ സസ്‌പെന്‍സ് ത്രില്ലറായിരിക്കും എന്ന് അണിയറക്കാര്‍ ഉറപ്പുതരുന്നു.