പ്രശസ്ത നാടകാചാര്യൻ ഒ. മാധവന്റെ കൊച്ചുമക്കൾ രാജ്യാന്തര ചലച്ചിത്രവേദിയിൽ സ്വന്തം സിനിമയുമായാണ് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ അനധികൃത കുടിയേറ്റക്കാരുടെ ജീവിതം പ്രമേയമാവുന്ന ‘ഫൂട്ട്പ്രിന്റ്‌സ് ഓൺ വാട്ടർ’ എന്ന സിനിമയാണ് ‘ഫീമെയ്ൽ ഗേയ്സ്'(female gaze) എന്ന വിഭാഗത്തിൽ ആദ്യ പ്രദർശനം നടത്തിയിരിക്കുന്നത്. ഇംഗ്ലിഷിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധായിക നതാലിയ ശ്യാമും തിരക്കഥാകൃത്ത് നീത ശ്യാമും, നാടകാചാര്യൻ ഒ.മാധവന്റെ കൊച്ചുമക്കളാണ്.
ബ്രിട്ടിഷ് താരം അന്റോണിയയും മലയാള നടിമാരായ നിമിഷ സജയനും ലെനയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ലോകത്തിലെ പ്രശസ്തമായ പതിനാറോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രം ഇതുവരെ 12 പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
ഐഎഫ്എഫ്കെയിലെ ആദ്യ പ്രദർശനം കഴിഞ്ഞപ്പോഴും മികച്ച പ്രേക്ഷക പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചത്.ഓസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന് ശബ്ദലേഖനം. കൂടാതെ പ്രശസ്ത ഛായാഗ്രാഹകൻ അഴകപ്പനാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ സംവിധാനം ചെയ്ത എട്ട് ചിത്രങ്ങളാണ് ഇത്തവണ മേളയിൽ സ്ത്രീ നോട്ടമെന്ന വിഭാഗത്തിൽ പ്രദർശനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്.
മലേഷ്യന്‍ ഹൊറര്‍ ചിത്രം ‘ടൈഗർ സ്‌ട്രൈപ്‌സ്’, കൗതർ ബെൻ ഹനിയയുടെ ‘ഫോർ ഡോട്ടേഴ്സ്’, കൊറിയൻ ചിത്രം ‘എ ലെറ്റർ ഫ്രം ക്യോട്ടോ’, മൌനിയ മെഡൂർ സംവിധാനം ചെയ്ത അറബിക് സിനിമയായ ‘ഹൂറിയ’, റമതാ ടൗലെയ് സൈ്‌സിന്റെ ‘ബാനൽ ആന്റ് അദമ’, ജൂലൈ ജംഗ് സംവിധാനം ചെയ്ത ‘നെക്സ്റ്റ് സോഹി’, ലറ്റിഷ്യ കൊളംബാനി ഒരുക്കിയ ‘ദി ബ്രേയിഡ്’ എന്നീ ചിത്രങ്ങളാണ് മേളയിലെ ഫീമെയ്ൽ ഗേസ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.