ഒടിയന്‍ ഒരുങ്ങുന്നു: അവസാന ഷെഡ്യൂള്‍ ഫെബ്രുവരി 6ന്

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഫെബ്രുവരി 6 ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെയും മഞ്ജുവാര്യരുടെയും പ്രകാശ് രാജിന്റെയും ചെറുപ്പകാലമാണ് പ്രധാനമായും ഈ ഷെഡ്യൂളില്‍ ചിത്രീകരിയ്ക്കുക. ഫാന്‌റസി ത്രില്ലറായ ഒടിയനുവേണ്ടി മോഹന്‍ലാല്‍ ഭാരം കുറച്ച് ചെറുപ്പമായത് വലിയ വാര്‍ത്തയായിരുന്നു.

ഒടിയന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തി വച്ച സാഹചര്യത്തില്‍ ജനുവരി 18ന് അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. മംഗോളിയയില്‍ വച്ചാണ് ഈ സിനിമയുടെ ചിത്രീകരണം.

നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. അമ്പത് കോടി മുതല്‍മുടക്കില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം സംവിധായകന്‍ പ്രിയനന്ദനനും ഒടിയന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയൊരുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പി കണ്ണന്‍കുട്ടിയുടെ നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.