മമ്മൂട്ടി കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തോളം തന്നെ നിഗൂഢമായിരുന്നു പോറ്റിയുടെ മനയും. ടൈറ്റില്‍ പോസ്റ്റര്‍ എത്തിയപ്പോള്‍ ചിത്രത്തിലുണ്ടായ മനയും പ്രേക്ഷകര്‍ ശ്രദ്ധ നേടിയിരുന്നു. ഭ്രമയുഗം ഗംഭീര കളക്ഷന്‍ നേടി ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്.
ഇതിനിടെയാണ് പോറ്റിയുടെ മനയെ കുറിച്ചുള്ള ചര്‍ച്ചകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പൊട്ടി പൊളിഞ്ഞ്, കാടു പിടിച്ച് കിടന്ന മനയാണ് സിനിമയിലെ ഒരു പ്രധാന ലൊക്കേഷന്‍. പാലക്കാട്ടെ ഒളപ്പമണ്ണ മനയാണ് ചിത്രത്തിന്റെ ലൊക്കേഷനായി മാറിയത്.
ഒളപ്പമണ്ണ മനയെ ഒന്നു മേക്കോവര്‍ നടത്തി കൊടുമണ്‍ പോറ്റിയുടെ ക്ഷയിച്ച മനയാക്കി മാറ്റിയത്. മനയുടെ ചിത്രങ്ങള്‍ എത്തിയതോടെ ചിത്രത്തിലെ ആര്‍ട്ട് ടീമിന് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ഷൂട്ടിന് മുമ്പും ശേഷവുമുള്ള ഒളപ്പമണ്ണ മനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കലാസംവിധായകന്‍ ജോതിഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒളപ്പമണ്ണ മനയുടെ മുഖഛായ മാറ്റിയത്. സിനിമയുടെ ഏതാനും ഭാഗങ്ങള്‍ വരിക്കാശ്ശേരി മനയിലും ചിത്രീകരിച്ചിട്ടുണ്ട്. വരിക്കാശ്ശേരി മനയില്‍ ചിത്രീകരിച്ച ഒരു രംഗമൊഴികെ ബാക്കിയെല്ലാം ഒളപ്പമണ്ണ മനയ്ക്കുള്ളിലാണ് ചിത്രീകരിച്ചത്.
മനയ്ക്ക് ചുറ്റും കാണുന്ന ചെടികളും പുല്ലുകളുമെല്ലാം രണ്ട് മാസത്തിലേറെ സമയമെടുത്ത് വളര്‍ത്തിയെടുത്തതാണ്. പാലക്കാട് ജില്ലയിലാണ് ഈ മന. ഒടിയന്‍, ആകാശഗംഗ, എന്ന് നിന്റെ മൊയ്തീന്‍, പരിണയം, ഇളവങ്കോട് ദേശം, നരന്‍ തുടങ്ങി നിരവധി സിനിമകള്‍ ഈ മനയില്‍ ചിത്രീകരിച്ചിട്ടുണ്ട്.