തോളിലൊക്കെ കൈയിട്ട് നിൽക്കുമ്പോൾ, അടുത്ത കേസ് വരും..; ഒമര്‍ ലുലുവിനെ പരിഹസിച്ച് കമന്റ്, മറുപടിയുമായി സംവിധായകന്‍

തന്നെ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ചയാള്‍ക്ക് മറുപടി നല്‍കി സംവിധാകന്‍ ഒമര്‍ ലുലു. നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാമിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചപ്പോഴായിരുന്നു, ശ്രദ്ധിച്ചില്ലെങ്കില്‍ കേസ് വരുമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള കമന്റ് എത്തിയത്. ‘ബാഡ് ബോയ്‌സ്’ എന്ന പുതിയ സിനിമയെ കുറിച്ച് പങ്കുവച്ച പോസ്റ്റിലാണ് പരിഹാസം എത്തിയത്.

”ഞാന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഒന്നിച്ച, ബജറ്റ് കൂടിയ ചിത്രമാണ് ‘ബാഡ് ബോയ്‌സ്’. സിനിമ ഷൂട്ടിംഗിനിടയില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും എനിക്ക് ധൈര്യം തന്ന് എന്റെ കൂടെ നിന്ന പ്രൊഡ്യൂസര്‍ ഷീലു എബ്രാഹം. ഒരുപാട് സ്‌നേഹം. ഇങ്ങനൊരു അവരം തന്നതിന് അബാം മൂവീസിന് നന്ദി” എന്ന പോസ്റ്റ് കുറിപ്പാണ് ഒമര്‍ പങ്കുവച്ചത്.


ഇതോടെ കമന്റുകള്‍ എത്തുകയായിരുന്നു. ”ചങ്ങായി തോളിലൊക്കെ കയ്യിട്ട് നില്‍ക്കുമ്പോ ശ്രദ്ധിച്ചോ. അല്ലെങ്കില്‍ അടുത്ത കേസ് വരും.. നിങ്ങള്‍ക്ക് കണ്ടക ശനി ആണ്” എന്നായിരുന്നു ചിത്രത്തിന് താഴെ വന്ന ഒരു കമന്റ്. എന്നാല്‍ ഇതിന് മറുപടിയായി കണ്ടക ശനി തീര്‍ന്നെന്ന് ഒമര്‍ ലുലു കുറിച്ചു.

omar-commet

സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് അടുത്തിടെയാണ് ഒരു യുവനടി ഒമര്‍ ലുലുവിനെതിരെ കേസ് കൊടുത്തത്. എന്നാല്‍, പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ഒമര്‍ ലുലുവിന്റെ വാദം.

അതേസമയം, റഹ്‌മാനെ നായകനാക്കി ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് ബാഡ് ബോയ്‌സ്. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് സിനിമ നിര്‍മ്മിക്കുന്നത്.

Read more