'ഒറ്റയ്ക്ക് വഴി വെട്ടിവന്നവൻ'; വിജയ്, രജനികാന്ത്, അജിത്ത്, കമല്‍ ഹാസൻ കോളിവുഡ് ബിഗ് ലീഗിലേക്ക് ഇനി ശിവകാര്‍ത്തികേയനും?

തമിഴ് സിനിമ ലോകത്ത് പതിയെ തന്റെ സ്ഥാനം കെട്ടി ഉറപ്പിക്കുകയാണ് ശിവകാർത്തികേയൻ. കോമഡിക്ക് പുറമേ സീരിയസ് കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം ശിവകാർത്തികേയൻ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശിവകാർത്തികേയനും സായ് പല്ലവിയും ചേർന്ന് രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്‌ത അമരൻ തമിഴ്‌നാട്ടിലെ ബോക്‌സ് ഓഫീസിൽ സ്വപ്‌നതുല്യമായ റണ്ണിംഗാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ആദ്യ ദിനം മുതല്‍ ചിത്രം മികച്ച കളക്ഷനുമായി മുന്നേറുകയാണ്. തിയറ്ററുകളിൽ പ്രദര്ശനം തുടരുന്ന ശിവകാർത്തികേയൻ സായ് പല്ലവി ചിത്രം അമരൻ ഉടൻ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. തിങ്കളാഴ്ച 7.50 കോടി മുതൽ 8.50 കോടി രൂപ വരെയാണ് ചിത്രം നേടിയത്. 5 ദിവസത്തെ ചിത്രത്തിന്‍റെ തമിഴ്നാട് മൊത്തം കളക്ഷൻ 73.75 കോടി രൂപയായിരിക്കും. ഈവനിംഗ്, നൈറ്റ് ഷോകൾ എത്രത്തോളം ശക്തമായി നിലകൊള്ളുന്നു എന്നതിനെ ആശ്രയിച്ച് തിങ്കളാഴ്ചത്തെ അവസാനത്തെ ബിസിനസ് 9 കോടി രൂപയിലെത്താം എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്.

അതേസമയം വരും ആഴ്ചകളിൽ ശക്തമായി ചിത്രം തീയറ്ററില്‍ ഉണ്ടാകും എന്നാണ് സൂചന. നവംബര്‍ 14ന് കങ്കുവയാണ് അമരന് ഭീഷണിയാകുന്ന ഏക റിലീസ്. അതിനാല്‍ തന്നെ തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് 100 കോടി ക്ലബ്ബിൽ ഇടം പിടിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. വാരാന്ത്യത്തിലുടനീളം 85 ശതമാനം മുതൽ 90 ശതമാനം വരെ ഉയർന്ന അമരന്‍റെ ഒക്യുപെന്‍സി തിങ്കളാഴ്ച കുറഞ്ഞെങ്കിലും ചിത്രം തമിഴ്‌നാട്ടിൽ ഏകദേശം 125 കോടി രൂപയുടെ ആജീവനാന്ത കളക്ഷന്‍ നേടിയേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

അതേസമയം വിജയ്, രജനികാന്ത്, അജിത്ത്, കമല്‍ഹാസൻ കോളിവുഡ് ബിഗ് ലീഗിലേക്ക് ഇനി ശിവകാര്‍ത്തികേയനും ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ഇതിനോടകം തന്നെ പുറത്ത് വന്ന കഴിഞ്ഞു. അങ്ങനെയാണെങ്കിൽ വിജയ്, അജിത്, രജനികാന്ത്, കമൽഹാസൻ എന്നിവർക്ക് പുറമെ തമിഴകത്ത് 100 കോടി തികയ്ക്കുന്ന ഒരേയൊരു നടനായി ശിവകാർത്തികേയൻ ഇതോടെ മാറും. ബിഗ് 4 ലീഗിലേക്ക് അഞ്ചാം അംഗമായി എത്തുക വഴി ഭാവിയിലെ സൂപ്പര്‍താരം പദവി ഉറപ്പിക്കുകയാണ് ഈ നേട്ടം വന്നാല്‍ ശിവകാര്‍ത്തികേയന്‍.

Read more