ഓപ്പണ്‍ഹൈമറിന്റെ കുറ്റബോധം മാത്രമാണ് വിവാദമായ രംഗം കാണിക്കുന്നത്; നോളന്‍ ചിത്രത്തിന് പിന്തുണയുമായി നിതീഷ് ഭരദ്വാജ്
എന്റര്‍ടൈന്‍മെന്റ് ഡെസ്ക്
ക്രിസ്റ്റഫര്‍ നോളന്റെ ‘ഓപ്പണ്‍ഹൈമര്‍’ ചിത്രത്തിലെ ഒരു രംഗം വിവാദമായതോടെ ഇന്ത്യയില്‍ ബാര്‍ബിയെ പിന്നിലാക്കി ബോക്‌സോഫീസില്‍ കുതിപ്പ് തുടരുകയാണ്. ലൈംഗികബന്ധത്തിനിടെ ഭഗവത്ഗീത വായിക്കുന്ന രംഗമാണ് വിവാദമായത്. ഇതോടെ 55.75 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും ചിത്രം നേടിയത്.
വിവാദമായ ഈ രംഗത്തെ നടന്‍ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഓപ്പണ്‍ഹൈമര്‍ എന്ന കഥാപാത്രത്തിന്റെ വൈകാരികാവസ്ഥ പ്രേക്ഷകര്‍ മനസിലാക്കണമെന്ന് നിതീഷ് ഭരദ്വാജ് പറഞ്ഞു. ”ഓപ്പണ്‍ഹൈമര്‍ ആറ്റംബോംബ് സൃഷ്ടിച്ചപ്പോള്‍, ജപ്പാനിലെ വലിയൊരു വിഭാഗം കൊല്ലാന്‍ അത് ഉപയോഗിച്ചപ്പോള്‍, തന്റെ കര്‍ത്തവ്യം ശരിയായി നിര്‍വഹിച്ചോ എന്ന് അദ്ദേഹം സ്വയം ചോദിക്കുകയായിരുന്നു.”
”അദ്ദേഹത്തിന്റെ പ്രശസ്തമായ അഭിമുഖത്തില്‍ ശരിക്കും അദ്ദേഹം കരയുകയായിരുന്നു. അതിനര്‍ത്ഥം അദ്ദേഹം ഒരുപക്ഷേ ഈ കണ്ടുപിടിത്തത്തില്‍ പശ്ചാത്തപിച്ചിട്ടുണ്ട് എന്നാണ്. തന്റെ കണ്ടുപിടിത്തം ഭാവിയില്‍ മനുഷ്യരാശിയെ നശിപ്പിക്കുമെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാം.”
”അദ്ദേഹം പശ്ചാത്താപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശരീരം എന്ത് ചെയ്യുന്നു എന്ന് പോലും പരിഗണിക്കാതെ അദ്ദേഹത്തിന്റെ ചിന്ത പൂര്‍ണ്ണമായും താന്‍ സൃഷ്ടിച്ചതിനെ കുറിച്ചായിരുന്നു. ശാരീരിക പ്രവര്‍ത്തി ഒരു സ്വാഭാവിക യാന്ത്രിക പ്രവൃത്തി മാത്രമാണ് അദ്ദേഹത്തിന്.””എന്നും താന്‍ ഉണ്ടാക്കിയ വിനാശകരമായ സാധനത്തിന്റെ ചിന്തയിലാണ് അദ്ദേഹം” എന്നാണ് നിതീഷ് പറഞ്ഞത്. ഈ പ്രതികരണം വാര്‍ത്തയായതിന് പിന്നാലെ വീണ്ടും വിശദീകരണവുമായി നടന്‍ രംഗത്തെത്തി. തന്റെ കണ്ടുപിടുത്തം മനുഷ്യര്‍ ക്രൂരമായി, മനുഷ്യര്‍ക്കെതിരെ ഉപയോഗിച്ചുവെന്ന് ഓപ്പണ്‍ഹൈമറിന് കാണാന്‍ കഴിഞ്ഞു.
”എന്റെ വീക്ഷണത്തില്‍ ഓപ്പണ്‍ഹൈമര്‍ ആറ്റം ബോംബിന്റെ കണ്ടുപിടുത്തത്തില്‍ ദുഃഖിതനും പശ്ചാത്താപിക്കുന്ന ആളുമായിരുന്നു. ആറ്റം ബോംബ് സൃഷ്ടിച്ചതിലെ കുറ്റബോധം മാത്രമാണ് വിവാദമായ ദൃശ്യം കാണിക്കുന്നത്. തീര്‍ച്ചയായും, ഗീത ഉപയോഗിക്കുന്നതിന് നോളന്‍ മറ്റൊരു രംഗം ഉപയോഗിക്കാമായിരുന്നു” എന്നാണ് നിതീഷിന്റെ വിശദീകരണം.