ഓസ്‌കര്‍ വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച വില്‍ സ്മിത്തിന്റെ നടപടിയില്‍ വിശദീകരണവുമായി ഓസ്‌കര്‍ അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ്. ഒരു തരത്തിലുമുള്ള അക്രമത്തെയും തങ്ങള്‍ അനുകൂലിക്കുന്നില്ലെന്ന് അക്കാദി അറിയിച്ചു. ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ച എല്ലാവരെയും അക്കാദമി അഭിനന്ദിച്ചു. പിന്നാലെ ട്വിറ്ററിലൂടെയാണ് അക്കാദമി പ്രതികരണം അറിയിച്ചത്.
ഓസ്‌കര്‍ വേദിയില്‍ വെച്ച് കൊമേഡിയന്‍ ക്രിസ് റോക്ക് ജാദ പിങ്കലൈറ്റ് സ്മിത്തിന്റെ രൂപത്തെക്കുറിച്ച് പരിഹസിച്ചുകൊണ്ടുള്ള പരാമര്‍ശം നടത്തി. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാദ എത്തിയത്. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്റെ പരാമര്‍ശം. ജി.ഐ ജെയ്ന്‍ എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായി ജാദയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തി. ഉടന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ വില്‍ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു. ‘എന്റെ ഭാര്യയെ കുറിച്ചു നിന്റെ വൃത്തികെട്ട വായ കൊണ്ടു പറയരുതെ’ന്ന് ആക്രോശിക്കുകയും ചെയ്തു.
തൊട്ടുടനെ തന്നെ ‘കിങ് റിച്ചാര്‍ഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ അതേ വേദിയില്‍ വില്‍ സ്മിത്ത് ഏറ്റുവാങ്ങി. പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം വില്‍ സ്മിത്ത് നടത്തിയ പ്രസംഗം വികാരനിര്‍ഭരമായിരുന്നു. അക്കാദമിയോടും തനിക്കൊപ്പം പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരോടും ക്ഷമാപണം നടത്തിയ വില്‍ സ്മിത്ത് താനും റിച്ചാര്‍ഡ് വില്യംസിനെപ്പോലെ ഭ്രാന്തനായ അച്ഛനായെന്നു പ്രതികരിച്ചു.