98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്‍പായി ഓസ്‌കര്‍ വോട്ടിങ് പ്രക്രിയയില്‍ സുപ്രധാന നിയമം കൊണ്ടുവന്ന് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്. വോട്ടിങിന് മുന്‍പായി നോമിനേഷനില്‍ വരുന്ന വിവിധ വിഭാഗങ്ങളിലെ എല്ലാ സിനിമകളും അക്കാദമി അംഗങ്ങള്‍ നിര്‍ബന്ധമായി കാണണമെന്നാണ് പുതിയ നിയമം. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ചുളള അറിയിപ്പ് പുറത്തുവിട്ടത്. വോട്ടര്‍മാര്‍ ചില സിനിമകള്‍ ഒഴിവാക്കുന്നു എന്ന ദീര്‍ഘകാലമായുളള പരാതികള്‍ ഇല്ലാതാക്കാനാണ് പുതിയ നിയമം അക്കാദമി കൊണ്ടുവന്നിരിക്കുന്നത്. 2026 മാര്‍ച്ചിലാണ് അടുത്ത ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് നടക്കുക. ഇതിന് മുന്‍പായാണ് അക്കാദമി പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്.
സംഘടനയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ അക്കാദമി സ്‌ക്രീനിങ് റൂമിലൂടെയാണ് ഇനി വോട്ടിങ് നിയന്ത്രിക്കുക. നോമിനേഷനിലുളള എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഇനി അക്കാദമി അംഗങ്ങള്‍ക്ക് ബാലറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കുകയുളളൂ. ഫെസ്റ്റിവലുകളിലോ സ്വകാര്യ സ്‌ക്രീനിങ്ങുകളിലോ പോലുളള പ്ലാറ്റ്‌ഫോമിന് പുറത്തുളള കാഴ്ചകള്‍ക്ക്, സിനിമ എപ്പോള്‍ എവിടെയാണ് കണ്ടതെന്ന് രേഖപ്പെടുത്തുന്ന ഒരു ഫോം അംഗങ്ങള്‍ സമര്‍പ്പിക്കണം.
Read more
മുന്‍പ് അന്താരാഷ്ട്ര ഫീച്ചര്‍, ഷോര്‍ട്ട് ഫിലിമുകള്‍ പോലുളള വിഭാഗങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ നയം ഇപ്പോള്‍ ബോര്‍ഡിലുടനീളം ബാധകമാണ്. ഇത്തവണ പുതിയൊരു വിഭാഗം കൂടി കൊണ്ടുവന്നിരിക്കുകയാണ് അക്കാദമി. അച്ചീവ്‌മെന്റ് ഇന്‍ കാസ്റ്റിങ് ആണ് മത്സര വിഭാഗത്തില്‍ ആദ്യമായി ചേര്‍ത്തിരിക്കുന്നത്. സിനിമകളിലെ മികച്ച കാസ്റ്റിങിന് കാസ്റ്റിങ് ഡയറക്ടര്‍മാരെ ഇതിന് പരിഗണിക്കും. മികച്ച കാസ്റ്റിങിന് പത്ത് സിനിമകള്‍ വരെ ഇതിനായി പരിഗണിക്കും.