സിനിമ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ പ്രവര്‍ത്തിക്കേണ്ട രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും പല സിനിമ നിര്‍മ്മാണ യൂണിറ്റുകളിലും ഐസിസി ഇല്ല. ശരിയായ രീതിയില്‍ ഐസിസി ഉണ്ടെങ്കില്‍ മാത്രമേ സിനിമ നിര്‍മാണത്തിന് അനുമതി നല്‍കാവൂ എന്നും സതീദേവി പറഞ്ഞു.
ഒരു സിനിമാ സെറ്റില്‍ വനിതാ കമ്മീഷന്‍ പരിശോധന നടത്തിയപ്പോള്‍ ഐസിസിയുടെ തലപ്പത്ത് ഒരു പുരുഷനെ ആണ് നിയമിച്ചിരുന്നത്. പലയിടങ്ങളിലും ഐസിസി പേരിന് മാത്രമാണെന്നും സാംസ്‌കാരിക പ്രബുദ്ധ കേരളത്തില്‍ പോലും നിലവിലുള്ള സ്ത്രീ സുരക്ഷ നിയമം ഉറപ്പാക്കുന്ന സാഹചര്യം ഇല്ലെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.
ഈ മാസം ആദ്യം സിനിമ സെറ്റില്‍ പി സതീദേവി മിന്നല്‍ പരിശോധന നടത്തിയിരുന്നു. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’എന്ന സിനിമയുടെ ലോക്കേഷനിലെത്തിയായിരുന്നു പരിശോധന നടത്തിയത്.
സിനിമ ലൊക്കേഷനില്‍ ഐസിസി രൂപീകരിച്ചിട്ടില്ലെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ടായിരുന്നു മലയാള സിനിമയിലെ സ്ത്രീകളുടെ സുരക്ഷ മുന്നില്‍ കണ്ടാണ് സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ വേണമെന്നുള്ള നിബന്ധന കൊണ്ടുവരുന്നത്.