സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടും നാലു സംസ്ഥാനങ്ങളില്‍ പത്മാവത് സിനിമ നിരോധിച്ച നടപടി നീക്കണമെന്നാവശ്യപ്പെട്ട് സിനിമയുടെ നിര്‍മ്മാതാക്കളായ വിയാകോം സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജ്ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് വരുത്തണമെന്ന് നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടും രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ് എന്ന സംസ്ഥാനങ്ങളില്‍ റിലീസ് തടയുന്നുവെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരോധനം നീക്കി ജനുവരി 25ന് രാജ്യവ്യാപകമായി റിലീസ് അനുവദിയ്ക്കണമെന്നാണ് വിയകോമിന്റെ ആവശ്യം.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ഈ ചിത്രം രജപുത്രരെ അപമാനിയ്ക്കുന്ന തരത്തിലുള്ളതാണെന്നാരോപിച്ച് രജപുത് കര്‍ണ്ണിസേന നയിച്ച പ്രതിഷേധം മൂലമാണ് വിവാദങ്ങളുണ്ടായതും ചിത്രത്തിന്റെ റിലീസ് വൈകിയതും. പിന്നീട് ചരിത്ര വിദഗ്ധരുള്‍പ്പെടെയുള്ള സമിതി ചിത്രം കണ്ട ശേഷം 5 നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ചിത്രത്തില്‍ ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.