സെന്‍സറിംഗിന് ശേഷം പദ്മാവതിലെ ഗാനം പുറത്തിറങ്ങി; എഡിറ്റിംഗിലൂടെ പദ്മാവതിയുടെ ശരീരം പൂര്‍ണമായി മറച്ചു

സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെ തുര്‍ന്ന വിവാദത്തിലായ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതില്‍ സെന്‍സറിംഗിന് ശേഷം മാറ്റങ്ങള്‍ ഏറെ. പദ്മാവതി എന്ന പേര് പദ്മാവത് എന്ന് മാറ്റിയതിന് പുറമെ ദീപികയുടെ നൃത്തമടങ്ങിയ “ഗൂമര്‍” എന്ന ഗാനത്തിലും മാറ്റങ്ങള്‍ വരുത്തിയുള്ള വീഡിയോ പുറത്തിറങ്ങി.

ദീപികയുടെ വസ്ത്രങ്ങള്‍ക്ക് കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മാറ്റം വരുത്തിയാണ് വീഡിയോ പുറത്തെത്തിച്ചിരിക്കുന്നത്. ആദ്യ പുറത്തിറങ്ങിയ വീഡിയോയില്‍നിന്ന് ഏറെ വ്യത്യസ്തമായാണിത്. വയറിന് ഭാഗത്തെ ശരീരം പൂര്‍ണമായും മറച്ചുകൊണ്ടുള്ളതാണ് പുതിയ വീഡിയോ. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് വീഡിയോ യൂട്യൂബിലൂടെ റിലീസ് ചെയ്തത്.

വിവാദ ബോളിവുഡ് ചിത്രം “പദ്മാവത്” 25-ന് രാജ്യവ്യാപകമായി റിലീസ് ചെയ്യാമെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിറക്കിയിരുന്നു. ക്ര മസമാധാന പ്രശ്നമുന്നയിച്ച് രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ റിലീസ് നിരോധിച്ചത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

“പദ്മാവതി”ന്റെ പ്രദര്‍ശനം തടഞ്ഞ് ഉത്തരവോ വിജ്ഞാപനമോ ഇറക്കുന്നതില്‍നിന്ന് മറ്റു സംസ്ഥാനങ്ങളെ സുപ്രീംകോടതി വിലക്കി. ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് തുടര്‍ന്ന് പരിഗണിക്കുന്നത് മാര്‍ച്ചിലേക്കു മാറ്റി.

സിനിമ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നല്‍കിയ അനുമതി തടയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് നിര്‍മാതാക്കള്‍ക്കുവേണ്ടി ഹാജരായ ഹരീഷ് സാല്‍വെ, മുകുള്‍ റോത്തഗി എന്നിവര്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് ക്രമസമാധാനം ഉറപ്പുവരുത്താന്‍ ബാധ്യതയുണ്ടെന്നും സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് ഉദ്ധരിച്ച് സാല്‍വെ ചൂണ്ടിക്കാട്ടി.