കാണാന്‍ ആളില്ല, എന്തിനായിരുന്നു ഈ റീ റിലീസ്? വിവാദങ്ങള്‍ക്ക് പിന്നാലെ എത്തിയ 'പലേരി മാണിക്യം', പലയിടത്തും ഷോ ക്യാന്‍സല്‍

റീ റിലീസില്‍ വന്‍ പരാജയമായി മാറി ‘പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’. രഞ്ജിത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ട്രിപ്പിള്‍ റോളില്‍ എത്തിയ സിനിമയുടെ ഒറിജിനല്‍ റിലീസ് 2009ല്‍ ആയിരുന്നു. 15 വര്‍ഷത്തിന് ഇപ്പുറമാണ് 4കെ, അറ്റ്‌മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട് സിനിമ വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയത്. ഒക്ടോബര്‍ 4ന് വെള്ളിയാഴ്ചയായിരുന്നു സിനിമ റിലീസ് ചെയ്തത്. എന്നാല്‍ സിനിമയുടെ റിലീസ് പലയിടത്തും മുടങ്ങി. സിനിമയുടെ ഒറ്റ ടിക്കറ്റ് പോലും വിറ്റ് പോകാതെ ആയതോടെയാണ് പലയിടങ്ങളിലും ഷോ ക്യാന്‍സലായത്. തിരുവനന്തപുരം ഏരീസ്പ്ലസ്, എറണാകുളം ഷേണായ്‌സ്, എറണാകുളം സംഗീത അടക്കമുള്ള തിയേറ്ററുകളില്‍ ഷോ ഒഴിവാക്കിയിരിക്കുന്നു. എന്തിനായിരുന്നു ഈ സിനിമയുടെ റീ റിലീസ് എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്.

എന്നാല്‍ സിനിമയുടെ റീ റിലീസുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രൊമോഷന്‍ നടത്തിയില്ലെന്ന പരാതിയും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. കഴിഞ്ഞ മാസമാണ് രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം റീ റിലീസ് ചെയ്യുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ സംവിധായകനെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് സിനിമയുടെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്ന ബംഗാളി നടിയാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ആരോപണത്തിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജി വച്ചിരുന്നു. പിന്നാലെ രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ ഒരു യുവാവും രംഗത്തെത്തിയിരുന്നു. ബെംഗളൂരുവിലെ ഹോട്ടലിലേക്ക് തന്നെ വിളിച്ചു വരുത്തി ഉപദ്രവിച്ചു എന്നായിരുന്നു യുവാവിന്റെ പരാതി.

സംവിധായകനെതിരെ എത്തിയ രണ്ട് ലൈംഗികാതിക്രമ പരാതികളിലും അന്വേഷണം നടന്നു കൊണ്ടിരിക്കവെയാണ് സിനിമയുടെ റീ റിലീസ് എത്തിയത് എന്നത് പ്രേക്ഷകരെ സിനിമ കാണുന്നതില്‍ നിന്നും പിന്നോട്ട് വലിച്ചു. മാത്രമല്ല, ഓണത്തിനോട് അനുബന്ധിച്ച് റീ റിലീസ് ഉണ്ടാകുമെന്ന് ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും അത് ഉണ്ടായില്ല. പിന്നീട് വന്ന റിലീസ് തീയതിയോ മറ്റ് അപ്‌ഡേഷനുകളോ വലിയ വാര്‍ത്തകള്‍ ആയതുമില്ല. അതിനാല്‍ തന്നെ സിനിമ എത്തിയ വിവരം പലരും അറിഞ്ഞിരുന്നുമില്ല. അതുകൊണ്ട് തന്നെയാണ് തിയേറ്ററുകളില്‍ റീ റിലീസ് ട്രെന്‍ഡ് പിന്തുടരാനാവാതെ ചിത്രത്തിന് തണുപ്പന്‍ പ്രതികരണം ലഭിക്കാന്‍ കാരണമായത്.

മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടികൊടുത്ത സിനിമയാണ് പാലേരി മാണിക്യം. ടിപി രാജീവന്‍ എഴുതിയ നോവല്‍ സിനിമയാക്കിയപ്പോള്‍ മൂന്ന് റോളുകളിലാണ് മമ്മൂട്ടി അഭിനയിച്ചത്. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്തമായിരുന്നു ഈ മൂന്ന് കഥാപാത്രങ്ങള്‍. പാലേരിയിലെ ക്രൂരനായ, സ്ത്രീകളെ ചൂഷണം ചെയ്യുന്ന ജന്മി ആയിട്ടായിരുന്നു മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രത്തെ മമ്മൂട്ടി അഭ്രപാളിയില്‍ എത്തിച്ചത്. ഹരിദാസ്, ഖാലിദ് എന്നിവയാണ് മമ്മൂട്ടി അവതരിപ്പിച്ച മറ്റ് കഥാപാത്രങ്ങള്‍. 1957 മാര്‍ച്ച് 30ന് പാലേരിയില്‍ കൊല്ലപ്പെട്ട മാണിക്യം എന്ന യുവതിയുടെ കൊലപാതകത്തിന്റെ അന്വേഷണ പശ്ചാത്തലത്തിലായിരുന്നു സിനിമയുടെ കഥ പറഞ്ഞത്.

കടത്തനാടന്‍ ശൈലിയിലുള്ള മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയിലെ പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ശ്വേത മേനോനും കരസ്ഥമാക്കി. ചീരു എന്ന കഥാപാത്രത്തിന്റെ യൗവ്വനം മുതല്‍ വാര്‍ധക്യം വരെയുള്ള കാലങ്ങളെ മനോഹരമായി നടി അവതരിപ്പിച്ചിരുന്നു. മൈഥിലി, ശ്രീനിവാസന്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരന്‍, വിജയന്‍ വി നായര്‍, ഗൗരി മുഞ്ജല്‍ എന്നിവരാണ് സിനിമയില്‍ വേഷമിട്ട മറ്റ് പ്രമുഖ താരങ്ങള്‍. സിനിമ റീ റിലീസ് ചെയ്ത ദിവസത്തില്‍ തന്നെ നടി മൈഥിലി ചിത്രം കാണാനെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം