ആസിഫ് അലിയില്‍ നിന്നും അവാര്‍ഡ് വേണ്ട, പരസ്യമായി അപമാനിച്ച് രമേഷ് നാരായണ്‍! പ്രതിഷേധം

എംടി വാസുദേവന്റെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ‘മനോരഥങ്ങള്‍’ ട്രെയ്‌ലര്‍ റിലീസിനിടെ നടന്ന പുരസ്‌കാര ചടങ്ങില്‍ നടന്‍ ആസിഫ് അലിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിച്ച് സംഗീതസംവിധായകന്‍ രമേഷ് നാരായണ്‍.

രമേഷ് നാരായണന് പുരസ്‌കാരം സമ്മാനിക്കുന്നതിനായി ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ പുരസ്‌കാരം വാങ്ങാതെ, രമേഷ് നാരായണ്‍ ആസിഫില്‍ നിന്നും ട്രോഫി വാങ്ങുകയും ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ സംവിധായകന്‍ ജയരാജനെ വേദിയിലേക്ക് വിളിപ്പിച്ച് അദ്ദേഹത്തിന്റെ കൈയ്യില്‍ പുരസ്‌കാരം കൊടുക്കുകയും അത് തനിക്ക് നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ജയരാജന്‍ നല്‍കിയ പുരസ്‌കാരം വാങ്ങിക്കൊണ്ട് രമേഷ് നാരായണ്‍ ക്യാമറകള്‍ക്ക് പോസ് ചെയ്യുന്നുമുണ്ട്. ഇതിന് ശേഷം ജയരാജനെ കെട്ടിപ്പിടിച്ച് ഇദ്ദേഹം സന്തോഷം പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ ആസിഫിന് ഒരു ഷേക്ക് ഹാന്‍ഡ് നടനെ അഭിവാദ്യം ചെയ്യാനോ ഒന്നും രമേശ് നാരായണന്‍ തയ്യാറായില്ല.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണില്‍ നിന്ന് ഉണ്ടായതെന്നും രമേശ് നാരായണ്‍ മാപ്പുപറയണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങള്‍.

സംഭവത്തില്‍ ആസിഫ് അലിയോ രമേഷ് നാരായണനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കൊച്ചിയിലാണ് മനോരഥങ്ങള്‍ എന്ന ആന്തോളജിയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തത്. ചിത്രം ഓഗസ്റ്റ് 15ന് സീ 5ലൂടെ റിലീസ് ചെയ്യും.

Read more