നടി പാര്‍വതിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത മമ്മൂട്ടി ആരാധകന്‍ പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കസബയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്. ഫെയ്‌സ്ബുക്കിലിട്ട ഒരു കമന്റിലൂടെയാണ് ജോബി പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്.
മോനെ എന്ന അഭിസംബോധനയോടെയാണ് ജോബിയുടെ കമന്റ് ആരംഭിക്കുന്നത്. എന്റെ വീട്ടിലേക്കോ ഓഫീസിലേക്കോ വന്നാല്‍ നിനക്ക് ഇന്ത്യയിലോ ദുബായിയിലോ ഓസ്‌ട്രേലിയയിലോ യുകെയിലോ എന്റെ മരണം വരെ ജോലി തരാമെന്നാണ് ജോബിയുടെ കമന്റ്.
ജോബി ജോര്‍ജ്ജിന്റെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രിന്റോ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരത്തിലൊരു കമന്റ് പ്രത്യക്ഷപ്പെട്ടത്.
നേരത്തെ ഗീതു മോഹന്‍ദാസിനെയും പാര്‍വതിയെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ ജോബി ജോര്‍ജ്ജ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു.
Read more
സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പാര്‍വതിയുടെ പരാതിയിലാണ് പെയിന്റിംഗ് ജോലിക്കാരനായ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാര്‍വതിക്കെതിരെ അധിക്ഷേപകരമായ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്നാണ് പ്രിന്റോയ്ക്ക് എതിരായ കേസ്. പ്രിന്റോയെ ഇന്നലെ വൈകിട്ട് ജാമ്യത്തില്‍വിട്ടു. കേസില്‍ മറ്റൊരളെ കൂടി പൊലീസ് ഇന്ന് പിടികൂടിയിട്ടുണ്ട്. പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് സന്ദേശം അയച്ച ആളെയാണ് ഇപ്പോള്‍ പൊലീസ് പിടികൂടിയിരിക്കുന്നത്.