ഇത് ഡോബി തിരുവോത്ത്, ഇവന്‍ ഗര്‍ഭപാത്രത്തില്‍ ഇങ്ങനെയാണ് ഉണ്ടായിരുന്നത്.. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍: പാര്‍വതി തിരുവോത്ത്

ചെറിയ പ്രായത്തില്‍ തന്നെ അമ്മയാകാന്‍ ആഗ്രഹിച്ചിരുന്നതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ നടി പാര്‍വതി തിരുവോത്ത് തുറന്നു പറഞ്ഞിരുന്നു. ഏഴാം വയസില്‍ മകളുടെ പേര് എന്താണെന്ന് തീരുമാനിച്ചു. അത് ശരീരത്തില്‍ ടാറ്റു ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നായിരുന്നു പാര്‍വതി പറഞ്ഞത്.

ഇപ്പോഴിതാ, തന്റെ മകനെ കുറിച്ചുള്ള പാര്‍വതിയുടെ വാക്കുകളും ചിത്രങ്ങളുമാണ് ശ്രദ്ധ നേടുന്നത്. ഡോബി തിരുവോത്ത്, എന്റെ ഡോഗ്‌സണ്‍ എന്ന് കുറിച്ചു കൊണ്ടാണ് തന്റെ അരുമയായ നായക്കുട്ടിയെ പാര്‍വതി പരിചയപ്പെടുത്തിയിരിക്കുന്നത്. നായക്കുട്ടിയുടെ നാലാം ജന്മദിനത്തിലാണ് ഈ പോസ്റ്റ്.

നായക്കുട്ടി ഗര്‍ഭത്തില്‍ എങ്ങനെ ഉണ്ടാകുമെന്ന് ഓര്‍ത്തെടുക്കാന്‍ സ്‌കാനിംഗ് ചിത്രത്തില്‍ ഡോബിയുടെ ഫോട്ടോ എഡിറ്റ് ചെയ്തതും കാണാം. തന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരന്‍ എന്നാണ് പാര്‍വതി ഈ നായക്കുട്ടിയെ വിളിക്കുന്നത്. അതേസമയം, ഒ.ടി.ടിയില്‍ സ്ട്രീം ചെയ്ത ഹെര്‍ ആണ് പാര്‍വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് റിലീസ് ചെയ്ത അവസാന ചിത്രം.

അഞ്ച് സ്ത്രീകളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഹെര്‍ പറയുന്നത്. ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോമോള്‍ ജോസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്നു. പ്രതാപ് പോത്തന്‍ അവസാനം അഭിനയിച്ച ചിത്രം കൂടിയാണിത്.