മലയാളി സമൂഹം അധികം കാണാതെ പോയ സിനിമ, ഇന്ന് തമിഴ് ജനത ഏറ്റെടുത്തു..; യൂട്യൂബില്‍ ട്രെന്‍ഡിംഗ്

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കിയ ‘പട്ടാഭിരാമന്‍’ ചിത്രത്തിന് തമിഴ്‌നാട്ടില്‍ വന്‍ സ്വീകാര്യത. തമിഴ്‌നാട്ടിലെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത സിനിമയുടെ തമിഴ് പതിപ്പ് ഇതുവരെ കണ്ടത് പത്ത് ലക്ഷത്തിന് മുകളില്‍ ആളുകളാണ്.

ചിത്രത്തിന് തമിഴ് പ്രേക്ഷകര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ധര്‍മജന്‍ ഇപ്പോള്‍. ചിത്രത്തില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനായ സുനിമോന്‍ എന്ന കഥാപാത്രത്തെ ധര്‍മ്മജന്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാളി സമൂഹം അധികം കാണാതെ പോയ സിനിമയാണ്, പക്ഷെ തമിഴ് ജനത ഏറ്റെടുത്ത് അവിടെ വലിയ സംഭവമാക്കി എന്നാണ് നടന്‍ പറയുന്നത്.

”പട്ടാഭിരാമന്‍ എന്ന മലയാള സിനിമയുടേത് ഒരു നല്ല കഥയായിരുന്നു, സമൂഹത്തില്‍ വെളിപ്പെടുത്തേണ്ട ഒരു കഥയായിരുന്നു. തിരക്കഥാകൃത്ത് ദിനേശേട്ടന്‍ രചിച്ചത് വളരെ ഭംഗിയായി കണ്ണന്‍ താമരക്കുളം അഭ്രപാളികളില്‍ എത്തിക്കുകയും ചെയ്തു. ഞാന്‍ അതില്‍ വെറുമൊരു ചെറിയ അഭിനേതാവാണ്.”

”ജയറാമേട്ടനാണ് അതിലെ നായകന്‍. നമ്മുടെ മലയാളി സമൂഹം അധികം കാണാതെ പോയ സിനിമയാണ്. കാണേണ്ട സിനിമയായിരുന്നു. പക്ഷേ, അതു നാളുകള്‍ക്ക് ശേഷം തമിഴ് ജനത ഏറ്റെടുത്ത് അവിടെ വലിയ സംഭവമാക്കി തീര്‍ത്തു. അതില്‍ വലിയ സന്തോഷമുണ്ട്.”

”മലയാളികള്‍ ഇന്നെങ്കിലും ഈ സിനിമ ടിവിയില്‍ വന്നാലെങ്കിലും കണ്ടിട്ട് അഭിപ്രായങ്ങള്‍ അറിയിക്കണം നന്ദി. പട്ടാഭിരാമന്റെ ഫുള്‍ ടീമിന് ആശംസകള്‍” എന്നാണ് ധര്‍മജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, 2019ല്‍ ഓഗസ്റ്റ് 23ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.

Read more