എമ്പുരാന്‍ ഒടിടിയില്‍ കോമഡി..; പരിഹസിച്ച് പിസി ശ്രീറാം, വിവാദത്തിന് പിന്നാലെ മനംമാറ്റം

ഒടിടി റിലീസിന് ശേഷവും ‘എമ്പുരാന്‍’ ചര്‍ച്ചയായി മാറുകയാണ്. സിനിമയെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഛായാഗ്രാഹകന്‍ പിസി ശ്രീറാം. ‘എമ്പുരാന്‍ സിനിമ ഒടിടിയില്‍ കോമഡിയായി മാറുന്നു’ എന്നായിരുന്നു ശ്രീറാം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇത് പിന്‍വലിക്കുകയും ചെയ്തു.

ട്വീറ്റ് വൈറലായതോടെ ശ്രീറാമിനെതിരെയും വലിയ രീതിയില്‍ വിമര്‍ശനം ഉയരുകയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ വമ്പന്‍ സിനിമകള്‍ ചെയ്യുന്ന ക്യാമറാമാനായ ശ്രീറാമില്‍ നിന്നും ഇത്തരമൊരു വിലകുറഞ്ഞ പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നായിരുന്നു കൂടുതല്‍ കമന്റുകളും.

കുറിപ്പില്‍ EMPURAAN എന്നതിന് പകരം EUPURAN എന്നാണ് പി സി ശ്രീറാം കുറിച്ചിരിക്കുന്നത്. ഇത് സിനിമയുടെ സെന്‍സറിങ്ങിനെ കുറിച്ചുള്ള വിമര്‍ശനമാണോ എന്നും പലരും ചോദിക്കുന്നുണ്ട്. വിമര്‍ശനം കടുത്തതോടെ ശ്രീറാം ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് എമ്പുരാന്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചത്.

pc-sreeram3

ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തിയ സിനിമ 325 കോടിയുടെ ബിസിനസ് നേട്ടം കൈവരിച്ച ശേഷമാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ തന്നെ സിനിമയ്‌ക്കെതിരെ രാഷ്ട്രീയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ചിത്രത്തിന്റെ ആരംഭത്തില്‍ തന്നെ ഗോധ്ര കലാപവും ഗുജറാത്ത് കലാപവും കാണിച്ചതാണ് വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്.

വിവാദങ്ങള്‍ക്ക് പിന്നാലെ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം റീ എഡിറ്റ് ചെയ്തതിന് ശേഷമാണ് വീണ്ടും തിയേറ്ററുകളില്‍ എത്തിയത്. ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചത്.

സിനിമ റീ എഡിറ്റ് ചെയ്തപ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകള്‍ മുഴുവനായും ഒഴിവാക്കിയിരുന്നു. വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍ദേവ് എന്നാക്കി മാറ്റിയിരുന്നു. ചിത്രത്തില്‍ എന്‍ഐഎ പരാമര്‍ശമുള്ള ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പേരും എടുത്തു കളഞ്ഞിട്ടുണ്ട്.

Read more