'പേരന്‍പില്‍ മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാത്തതിന് വിലപിക്കുകയും ജൂറിയെ തെറി വിളിക്കുകയും ചെയ്യുന്നവരേ നിങ്ങള്‍ ഈ കുട്ടിയെ മറന്നുപോയോ'? ; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

66-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. തമിഴ് ചിത്രം പേരന്‍പിലെ പ്രകടനത്തിന് നടന്‍ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂറിക്കെതിരെ ആരാധകര്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ മികച്ച നടനുള്ള മത്സരത്തില്‍ മമ്മൂട്ടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈല്‍ നല്‍കിയ മറുപടിയും വിമര്‍ശിക്കപ്പെട്ടിരുന്നു.

മമ്മൂട്ടിയ്ക്ക് അവാര്‍ഡ് ലഭിക്കാത്തതിലുള്ള മുറവിളികള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുമ്പോള്‍ മറ്റൊരു ചോദ്യവും വിമര്‍ശകര്‍ നേരിടുന്നുണ്ട്. പേരന്‍പില്‍ അഭിനയിച്ച സാധന എന്ന കൊച്ച് അഭിനേത്രിയെ എല്ലാവരും മറന്നു പോവുന്നതെന്താണെന്നാണ് ചിലര്‍ ചോദിക്കുന്നത്.

Read more

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന സങ്കീര്‍ണമായ കഥാപാത്രത്തെ 16 വയസ് മാത്രം പ്രായമുള്ള സാധന ഒരു ഡയലോഗ് പോലും പറയാതെയാണ് മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കണ്ണ് നനയിപ്പിച്ചത്. കൈകാലുകള്‍ വളച്ചൊടിച്ചും വായ കോട്ടി പിടിച്ചും മുഴുനീളം ചിത്രത്തില്‍ അഭിനയിക്കാന്‍ ശാരീരികമായും മാനസികമായും കഠിനപ്രയത്‌നം ചെയ്തു. മമ്മൂട്ടിയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ ഈ പെണ്‍കുട്ടിയുടെ കാര്യം മറക്കരുതെന്നാണ് സിനിമാപ്രേമികള്‍ ആവശ്യപ്പെടുന്നത്.