രണ്ടാം പകുതിയില്‍ പേരന്‍പിന് ഒരു ഇഴച്ചിലുണ്ട്, അത് മമ്മൂട്ടിയുടെ പ്രകടനത്തില്‍ നിന്നുള്ള ശ്രദ്ധ തിരിച്ചു, പക്ഷേ അദ്ദേഹത്തിന്റെ പേര് അവസാന റൗണ്ട് വരെ ഉണ്ടായിരുന്നു: ജൂറി മെമ്പര്‍ മേജര്‍ രവി

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് മമ്മൂട്ടിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ആരാധകരുടെ രോഷം ഉയരുന്നതിനിടയില്‍ എന്തുകൊണ്ട് പേരന്‍പിനെയും മമ്മൂട്ടിയേയും ഒഴിവാക്കിയെന്ന ചോദ്യത്തിന് ജൂറി അംഗമായ മേജര്‍ രവി മറുപടി നല്‍കുന്നു:

പേരന്‍പ് സിനിമ ഞാനും മറ്റ് ജൂറി അംഗങ്ങളും ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ചിത്രമാണ്. എന്നാല്‍ രണ്ടാം പകുതിയില്‍ സിനിമ എവിടെയൊക്കെയോ വലിഞ്ഞുപോയിട്ടുണ്ട്. ആ ഇഴച്ചില്‍ മമ്മൂട്ടിയുടെ പ്രകടനത്തില്‍ നിന്നുള്ള ശ്രദ്ധ വ്യതിചലിപ്പിച്ചു. രണ്ടാംപാതിയില്‍ വലിച്ചിലുണ്ടെന്ന് പറഞ്ഞാണ് സിനിമ പിറകിലേക്ക് തള്ളിപ്പോകുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ പേര് അവസാന റൗണ്ടില്‍വരെയുണ്ടായിരുന്നു.

ഞാനും മമ്മൂട്ടിയ്ക്ക് വേണ്ടി ഏറെ വാദിച്ചിരുന്നു. മമ്മൂട്ടിയുടെ കാര്യത്തില്‍ കേവലം ഒരു പരാമര്‍ശമോ അവാര്‍ഡ് പങ്കിടലോ സാധിക്കില്ല. നല്‍കുകയാണെങ്കില്‍ മികച്ച നടനുള്ള പുരസ്‌കാരം തന്നെ കൊടുക്കേണ്ടി വരും. – മേജര്‍ രവി പ്രതികരിച്ചു.