അമരൻ സിനിമയിൽ അനുവാദമില്ലാതെ ഫോൺ നമ്പർ നൽകിയതിനെതിരെ ഹർജി; സംവിധായകനും നിർമ്മാതാക്കൾക്കും നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

തമിഴ് നടൻ ശിവകാർത്തികേയൻ നായകനായ അമരൻ സിനിമയിൽ അനുവാദമില്ലാതെ എന്‍ജിനീയറിങ് വിദ്യാർത്ഥിയുടെ ഫോൺ നമ്പർ നൽകിയതിനെതിരെ ഹർജി. അമരൻ സിനിമയുടെ സംവിധായകനും നിർമാതാക്കൾക്കും മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. ഈമാസം ഇരുപതിനകം മറുപടി നൽകണമെന്നാണ് നാട്ടിൽ പറയുന്നത്.

വിഷയത്തിൽ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയോട് അമരന്‍ സിനിമ നിര്‍മ്മാതാക്കള്‍ മാപ്പ് പറഞ്ഞിരുന്നു. ചിത്രത്തില്‍ സായ് പല്ലവിയുടെ കഥാപാത്രമായ ഇന്ദു റെബേക്കയുടെ ഫോണ്‍ നമ്പറായി ഉപയോഗിച്ചത് തന്റെ നമ്പര്‍ ആണെന്ന് ചൂണ്ടിക്കാണിച്ചാണ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. 1.1 കോടി നഷ്ടപരിഹാരം വേണമെന്നും വി വി വാഗീശന്‍ എന്ന വിദ്യാര്‍ഥി ആവശ്യപ്പെട്ടിരുന്നു.

പിന്നാലെയാണ് നിര്‍മ്മാതാക്കളായ രാജ്കമല്‍ ഫിലിംസ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. വാഗീശനുണ്ടായ അസൗകര്യത്തില്‍ മാപ്പ് പറയുന്നെന്നും ചിത്രത്തില്‍ നിന്ന് വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ നീക്കിയെന്നും രാജ്കമല്‍ ഫിലിംസ് അറിയിച്ചു. എന്നാല്‍ നിര്‍മ്മാതാക്കളുടെ പ്രതികരണം വൈകിയെന്നാണ് വാഗീശന്റെ പ്രതികരണം. നവംബര്‍ ആറിനാണ് വാഗീശന്‍ അമരന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.

സിനിമ റിലീസ് ചെയ്തതിന് ശേഷം തന്റെ നമ്പരിലേക്ക് തുടര്‍ച്ചയായി കോളുകള്‍ എത്തുകയാണെന്നും ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായി കോളുകള്‍ എത്തിയതോടെ ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് അമരന്‍. ശിവകാര്‍ത്തികേയന്‍ ആണ് മുകുന്ദ് ആയി വേഷമിട്ടത്. 300 കോടിക്ക് മുകളില്‍ കളക്ഷന്‍ സിനിമ നേടിയിട്ടുണ്ട്.

Read more