ഊതിക്കാച്ചിയ സ്വര്‍ണം പോലെ തിളക്കമുള്ള ശബ്ദം, ഒരു മനുഷ്യന് ഇങ്ങനെയും പാടാനാകുമോ?..; ചിത്രയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രിയും വി.ഡി സതീശനും

വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ച ചിത്രയ്ക്ക് ആരാധകരേറെയാണ്. ഹെയ്‌റ്റേഴ്‌സില്ലാത്ത ഗായിക എന്ന വിശേഷണവും ചിത്രയ്ക്ക് സ്വന്തമാണ്. ഇന്ന് 60-ാം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുകയാണ് രാഷ്ട്രീയ-സിനിമ രംഗത്തുള്ള പ്രമുഖര്‍.

പിറന്നാള്‍ ആശംസകള്‍ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ചിത്രയ്ക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നതായും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഊതിക്കാച്ചിയ സ്വര്‍ണം പോലെ തിളക്കമുള്ള ശബ്ദം എന്നാണ് ചിത്രയെ വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയിരിക്കുന്നത്.

വി.ഡി സതീശന്റെ കുറിപ്പ്:

മഞ്ഞള്‍ പ്രസാദത്തിന്റെ നൈര്‍മല്യത്തിന് അറുപത്. പ്രിയങ്കരിയായ കെ.എസ്. ചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍. ആ പാട്ടുകളും സൗമ്യ സാന്നിധ്യവും നിറചിരിയും മലയാളിയുടെ ജീവിതത്തെ എത്രകണ്ട് മനോഹരമാക്കിയെന്ന് പറയാനാകില്ല. പെര്‍ഫെക്ട്, അതാണ് പാട്ടുകളുടെ സ്വഭാവം. ഊതിക്കാച്ചിയ സ്വര്‍ണം പോലെ തിളക്കമുള്ള ശബ്ദം. ഈണവും ഗാനത്തിന്റെ ഭാവവും വായിച്ചെടുക്കാനുള്ള അസാധാരണ മികവ്…

മനുഷ്യന് ഇങ്ങനെ പാടാനാകുമോയെന്ന് തോന്നുംവിധമുള്ള ആലാപനം… സാധനയുടെ നിറവ്… പൂര്‍ണതയ്ക്ക് വേണ്ടിയുള്ള ആത്മ സമര്‍പ്പണം… ഇതെല്ലാം ചേര്‍ന്നതാണ് ചിത്രയുടെ സംഗീതം. ഒരു കിളിപ്പാട്ടു പോലെ അത് നമ്മെ ആഹ്ലാദിപ്പിക്കും. ഒരു കടലാഴം പോലെ സംഗീതത്തിന്റെ അഗാധതയിലേക്ക് കൊണ്ടു പോകും. സ്വര്‍ണ മുകിലു പോലെ ആകാശത്ത് പറന്നു നടക്കും.

നാല് പതിറ്റാണ്ടായി ആര്‍ദ്രമായ ആ ശബ്ദം നമ്മള്‍ക്കൊപ്പമുണ്ട്. സ്‌നേഹവും പ്രണയവും ചിരിയും വാത്സല്യവും എല്ലാം നിറഞ്ഞ ചിത്ര ഗീതങ്ങളിലെ വിരഹവും ഭക്തിയുമാണ് എനിക്കേറ്റവും പ്രിയപ്പെട്ടവ. ഇനിയും ഇനിയും പാടുക, സംഗീതത്തിന്റെ അമൃതവര്‍ഷിണിയായി. മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിക്ക് സ്‌നേഹാദരങ്ങളോടെ ആയുരാരോഗ്യ സൗഖ്യം നേരുന്നു.