'ജനങ്ങളുടെ ഹൃദയത്തിലാണ് അപ്പു ജീവിക്കുന്നത്..', പുനീതിന്റെ അവസാന ചിത്രം 'ഗന്ധഡഗുഡി' വരുന്നു; ആശംസകളുമായി നരേന്ദ്ര മോദി

അന്തരിച്ച കന്നട താരം പുനീത് രാജ്കുമാറിന്റെ ഓര്‍മ്മദിനത്തില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുനീതിന്റെ അവസാന ചിത്രം ‘ഗന്ധഡഗുഡി’ ആണ് ഒക്ടോബര്‍ 28ന് റിലീസിന് എത്തുന്നത്. പുനീതിന്റെ ഒന്നാം ഓര്‍മ്മദിനം കൂടിയാണ് ഈ ദിവസം.

”ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിലാണ് അപ്പു ജീവിക്കുന്നത്. അദ്ദേഹം പ്രതിഭയുള്ള വ്യക്തിത്വവും ഊര്‍ജ്ജസ്വലനും, സമാനതകളില്ലാത്ത കഴിവുകളാല്‍ അനുഗ്രഹീതനുമായിരുന്നു. കര്‍ണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി മാതാവിനുള്ള ആദരാഞ്ജലിയാണ് ഗന്ധഡഗുഡി. ആശംസകള്‍” എന്നാണ് മോദിയുടെ ട്വീറ്റ്.

അമോഘവര്‍ഷ സംവിധാനം ചെയ്ത ചിത്രം ഭൂമിയുടെയും പ്രകൃതിയുടെയും പ്രാധാന്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. 2021 ഡിസംബറിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. പുനീതിനൊപ്പം സംവിധായകന്‍ അമോഘവര്‍ഷയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് പുനീത് മരിക്കുന്നത്. 1985ല്‍ ബാലതാരമായി സിനിമയില്‍ എത്തിയ പുനീത്, ബേട്ടഡ് ഹൂവു എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. 2002ല്‍ അപ്പു എന്ന കന്നഡ ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. അഭി, വീര കന്നാഡിഗ, അരസു, രാം, ഹുഡുഗാരു, അഞ്ചാനി പുത്ര എന്നിവയാണ് താരത്തിന്റെ ഹിറ്റ് സിനിമകള്‍.