പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂര്‍ ജാമ്യമില്ല. നടൻ നൽകിയ മുൻകൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.

അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. ജൂലൈ 12ന് ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്നാണ് മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഗുരുതരമായ കേസാണെന്നും ജാമ്യം നൽകരുതെന്നുമുളള സർക്കാർ വാദം അംഗീകരിച്ചാണ് ജാമ്യ ഹര്‍ജി നൽകികൊണ്ടുള്ള കോടതിയുത്തരവ്.

നാലു വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടനെതിരെ പൊലീസ് കേസെടുത്തത്. കേസിൽ കുട്ടിയിൽ നിന്ന് പൊലീസ് മൂന്നുതവണ മൊഴിയെടുത്തിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെത്തുടർനന്നായിരുന്നു പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തത്. അതേസമയം കഴിഞ്ഞ ജൂണ്‍ എട്ടിനാണ് നഗരപരിധിയിലെ ഒരു വീട്ടിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.