തെലുങ്ക് താരം വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ അപവാദ പ്രചാരണം നടത്തിയ യൂട്യൂബര്‍ പൊലീസ് പിടിയില്‍. തന്നെ മോശമായി കാണിക്കുന്ന വീഡിയോ യൂട്യൂബില്‍ പ്രചരിപ്പിച്ചു എന്ന താരത്തിന്റെ പരാതിയിലാണ് ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസ് യൂട്യൂബറെ പിടികൂടിയത്.
അനന്ത്പുര്‍ സ്വദേശിയായ യൂട്യൂബറാണ് വിജയ് ദേവരകൊണ്ടയുടെ പരാതിയെ തുടര്‍ന്ന് പിടിയിലായത്. ഒരു നടിയെയും വിജയ് ദേവരകൊണ്ടയേയും ചേര്‍ത്ത് യൂട്യൂബ് ചാനലിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു എന്നതാണ് നടന്റെ പരാതിയുടെ അടിസ്ഥാനം.
ചാനലില്‍ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തതായും പൊലീസ് ഉറപ്പുവരുത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരാള്‍ വിജയ്യെയും മറ്റൊരു നടിയെയും കുറിച്ച് അശ്ലീല വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഉടന്‍ നടപടി സ്വീകരിച്ചു.
ഇത് നിര്‍മിച്ച യൂട്യൂബറെ കണ്ടെത്തി കൗണ്‍സിലിംഗിന് വിധേയനാക്കുകയും വീഡിയോകള്‍ ഡിലീറ്റ് ചെയ്യിപ്പിച്ച ശേഷം വിട്ടയച്ചുവെന്നും വിജയ് ദേവരകൊണ്ടയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.