ഷൈൻ ടോം ചാക്കോക്കായി ഇരുട്ടിൽ തപ്പി പൊലീസ്. ഇതുവരെയും ഷൈനെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ രക്ഷപെട്ടത് ബൈക്കിലാണെന്ന് പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. ബോൾഗാട്ടിയിലെത്തിയ ഷൈൻ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറി എടുത്തു. തുടർന്ന് പുലർച്ചെ തൃശൂർ ഭാഗത്തേക്ക് പോയെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം ഷൈൻ ടോം ചാക്കോക്കെതിരെയുയർന്ന ആരോപണങ്ങളിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും. ഷൈനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന. റിപ്പോർട്ട് ലഭിച്ച ശേഷം ഷൈനിനെതിരെ തുടർ നടപടികൾ സ്വീകരിക്കും.
ഷൈനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമടക്കം ഇതിനോടകം സംഘടനയ്ക്കുളളിൽ നിന്ന് ഉയർന്നിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം അന്തിമ തീരുമാനമെന്നാണ് അഡ്ഹോക് കമ്മിറ്റി നിലപാട്. ഇതിനിടെ ഷൈനെതിരെ ഉയർന്ന ആരോപണങ്ങളിൽ കേസെടുക്കുന്ന കാര്യത്തിൽ പോലീസിൽ ആശയകുഴപ്പം തുടരുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിൻസിയോട് സംസാരിച്ച ശേഷമാകും പോലീസ് കേസെടുക്കണോയെന്ന തീരുമാനമെടുക്കുക. അതേസമയം ഷൈൻ ടോം ചാക്കോക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.