വരുൺ ധവാൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായ ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ പ്രദർശിപ്പിച്ച് തിയേറ്ററുകൾ. മാർക്കോയുടെ ഹിന്ദി പതിപ്പ് ആണ് പ്രദർശിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. വരുൺ ധവാൻ ചിത്രം മോശം പ്രകടനം കാഴ്ചവെക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തിയറ്ററുകളുടെ തീരുമാനം.
വലിയ ക്യാൻവാസിൽ എത്തിയ വരുൺ ധവാൻ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ ഏറെ പിന്നോട്ട് പോകുന്നുവെന്ന റിപ്പോർട്ടുകളാണുള്ളത്. ഈ സാഹചര്യത്തിൽ വടക്കേ ഇന്ത്യയിലെ പല തിയേറ്ററുകളിലും ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുകയാണ്. മാർക്കയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം തിയറ്ററിൽ പ്രദർശിപ്പിക്കുന്നതിന്റെ ഘടകമാണെന്നാണ് റിപ്പോർട്ടുകൾ.
സന്ദീപ് റെഡ്‌ഡി വംഗ ചിത്രം ആനിമലിനേക്കാൾ വയലൻസുള്ള ചിത്രമാണ് മാർക്കോ എന്ന് അഭിപ്രായങ്ങളുണ്ടായിരുന്നു. ഈ കാരണത്താൽ മാർക്കോ കാണുന്നതിന് പ്രേക്ഷകർ താത്പര്യപ്പെടുന്നതായും ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം കുറച്ച് തിയേറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ മികച്ച പ്രതികരണത്തെ തുടർന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചിട്ടുണ്ട്. ഹിന്ദി പതിപ്പിന് പിന്നാലെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും.